25 August, 2022 03:18:42 PM
ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും; കേസ് മാറ്റരുതെന്ന് നിർദേശം
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. കേസില്‍ ശിക്ഷിക്കപ്പെട്ട 3 പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.
2017 ഓഗസ്റ്റ് 23 നാണ് പിണാറായി വിജയന്‍, മുന്‍ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊർജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി വന്നത്. കേസിലെ പ്രതികളായ കെഎസ്ഇബി ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയർ കസ്തൂരി രംഗ അയ്യര്‍, കെഎസ്ഇബി മുന്‍ അക്കൗണ്ട്‌സ് മെംബർ കെ ജി രാജശേഖരൻ, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19 ന് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന വിധി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും കോടതിയുടെ ഉത്തരവുണ്ടാകണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സെപ്റ്റബര്‍ 13ന് ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.