23 August, 2022 09:42:01 PM
'കാശ്മീർ പരാമർശം'; കെ ടി ജലീൽ എംഎൽഎയ്ക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം
തിരുവനന്തപുരം: ഇന്ത്യൻ അധിനിവേശ കാശ്മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസ് എടുക്കാൻ നിർദേശം. ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയാണ് കീഴ്‌വയ്പ്പൂർ എസ് എച്ച് ഒയ്ക്ക് നിർദേശം നൽകിയത്.
നേരത്തെ സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിഎടുക്കാത്ത സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്. കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ജലീൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പായിരുന്നു വിവാദമായത്.
പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യൻ അധീന കശ്മീരെന്നും' കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത് വിവാദമായിരുന്നു. പരാമർശം വിവാദമായതിനു പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
'പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം' - ഇങ്ങനെയാണ് കുറിപ്പിന്റെ ഒരു ഭാഗം.
''ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ...''- മറ്റൊരു ഭാഗത്ത് ജലീൽ പറയുന്നു.