23 August, 2022 02:22:29 PM


സ്വപ്‌നയ്ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ പഞ്ചാബ് സ്വദേശി പിടിയില്‍



തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ പഞ്ചാബ് സ്വദേശി പിടിയില്‍. അമൃത്‌സര്‍ സ്വദേശി സച്ചിന്‍ ദാസാണ് കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്. പഞ്ചാബില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്‌ന സുരേഷ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി എന്നാരോപിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


ഐടി വകുപ്പിലെ ജോലിയ്ക്കായാണ് സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. മുംബൈയിലെ അംബേദ്കര്‍ സര്‍വ്വകലാശാലയുടെ പേരിലായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. മുംബൈയിലെ അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയതായുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്‌ന സ്‌പേസ് പാര്‍ക്കില്‍ നിയമനം നേടിയത്. 


യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത്. സ്‌പേസ് പാര്‍ക്കിന്റെ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K