21 August, 2022 06:55:47 PM


വി.സിയെ ക്രിമിനൽ എന്നുവിളിച്ച ഗവർണറുടെ നടപടി ഭരണഘടനാ പദവിക്ക് നിരക്കാത്തത് - സിപിഎം



തിരുവനന്തപുരം: അറിയപ്പെടുന്ന അക്കാദമിഷ്യനും ചരിത്രകാരനുമായ കണ്ണൂർ വി സിയെ ക്രിമിനൽ എന്നുവിളിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. എന്ത് ക്രിമിനൽ കുറ്റമാണ് വി സി ചെയ്തത് എന്ന് ഗവർണർ വ്യക്തമാക്കണം. ഗവർണർ എടുത്ത നടപടിയിൽ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂർ വി സി.

നിയമപരമായും മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തിൽ പ്രതികരിക്കുന്നത് ഗവർണർ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണം. അറിയപ്പെടുന്ന ആർ എസ് എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച് സർക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയ ഗവർണർ രാജ്ഭവനെ കേവലം ആർ എസ് എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപ്പതിപ്പിക്കുകയാണ്.

തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സർവ്വസീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവർണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിൻ കീഴിൽ ഔന്നത്ത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K