21 August, 2022 01:53:42 PM


'കണ്ണൂർ വി.സി ക്രിമിനൽ; എന്നെ ആക്രമിക്കാൻ ഒത്താശ ചെയ്തു'; ആരോപണവുമായി ഗവർണർ



ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂർ വി.സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാൻ ഒത്താശ ചെയ്തുവെന്നുമാണ് ഗവർണർ ആരോപിക്കുന്നത്. വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നത് എല്ലാ പരിധികളും ലംഘിച്ചാണ്. സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്കും വേണമെങ്കിലും വിമര്‍ശിക്കാം, തന്‍റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍പ് ചരിത്ര കോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വിസി സ്വീകരിച്ച നടപടികള്‍ തീര്‍ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്ക് നേരെയോ കൈയേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ നേരെ കൈയേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ട് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും വിസി തയ്യാറായില്ല. തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വിസിയായിരുന്നു. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുപോലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിസി ക്രിമിനലാണെന്നും സിപിഎമ്മിന്‍റെ പാര്‍ട്ടി കേഡര്‍ ആയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവർണർ ആരോപിച്ചു. ആ സ്ഥാനത്ത് ഇരുന്ന് യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിസിക്കെതിരെ നിയമപ്രകാരമായി നടപടികള്‍ ആരംഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. വിസിയുടെ നടപടികളെ തുടര്‍ന്നാണ് പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായതാണ്. മാന്യതയുടെ അതിര്‍വരുമ്പുകള്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ലംഘിച്ചു. താന്‍ നിയപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K