20 August, 2022 10:40:15 AM
സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കും - ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണകക്ഷിയുടെ കേഡറെപോലെ വിസി പ്രവര്‍ത്തിക്കുന്നെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. പദവിക്ക് യോജിച്ച രീതിയിലല്ല വിസിയുടെ പ്രവര്‍ത്തനം. സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ ഉത്തരവിടുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. വിസി നിയമനം പോലും രാഷ്ട്രീയ താത്പര്യമനുസരിച്ചാണ്. ഏറ്റവും താഴെതട്ടു മുതല്‍ ഫ്രൊഫസര്മാരുടെ നിയമനത്തില്‍ വരെ രാഷ്ട്രീയതാത്പര്യത്തിന് വിസിമാര്‍ കൂട്ടു നില്‍ക്കുകയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
കണ്ണൂര്‍ വിസിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം നടപടി കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ മാത്രം ഒതുങ്ങില്ല. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കാനാണ് ഗവര്‍ണറുടെ നീക്കം.