18 August, 2022 01:01:43 PM
സംവിധായകൻ ബാലചന്ദ്ര കുമാറിന് എതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്
തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. ആലുവാ മജിസ്ട്രറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരാതി ഗൂഢാലോചനയുടെ ഭാഗമാണ്. ദിലീപിന്‍റെ സുഹൃത്തായ വ്യാസൻ ഇടവണക്കാട് ഉൾപ്പെടെ ആറ് പേർ ഈ ഗൂഢാലോചനയിൽ പങ്കാളികളായെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
35 പേജുള്ള റിപ്പോർട്ടാണ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചിരിക്കുന്നത്. സമർപ്പിച്ചത്. 10 വർഷം മുമ്പ് സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കണ്ണൂർ സ്വദേശിയായ യുവതി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യജമാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. പരാതിക്കാരി നൽകിയിരിക്കുന്ന വ്യക്തിപരമായ കാര്യങ്ങൾ അന്വേഷണത്തിൽ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. പേരും വയസ്സുമെല്ലാം വ്യാജമാണെന്ന് റിപ്പോട്ടിൽ പറയുന്നു.
48 വയസാണെന്നാണ് പൊലീസിൽ പരാതി നൽകിയപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നാൽ അന്വേഷണത്തിൽ 58 വയസാണെന്ന് വ്യക്തമായിട്ടുണ്ട്. പരാതി നൽകിയ സ്ത്രീ മറ്റൊരു കേസിൽ അന്വേഷണം നേരിടുന്നയാളാണ്. പരാതിക്കാരി നൽകിയ മേൽ വിലാസം വ്യാജമാണ്. കോടതിയിൽ നിന്ന് അയച്ച സമൻസും ഇതുവരെ കൈപറ്റിയിട്ടില്ല. പരാതിക്കാരി ഇപ്പോൾ ഒളിവിലാണെന്നാണ് അറിയുന്നത്. ഗൂഢാലോചന നടത്തിയവർക്കെതിരെ കേസെടുക്കാനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. വ്യാജ പരാതി നല്‍കിയതിനെതിരെ ബാലചന്ദ്രകുമാറും നിയമ നടപടിയ്ക്ക് തയാറെടുക്കുകയാണ്.