14 August, 2022 01:54:34 AM
വിവാദ പരാമര്‍ശം: മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജലീല്‍
ന്യൂഡല്‍ഹി: കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. കശ്മീരിനെ സംബന്ധിച്ച പരാമര്‍ശം വിവാദമായതിലും പിന്നീട് ഇത് പിന്‍വലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിലും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജലീല്‍ തയാറായില്ല. വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ ജലീല്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കശ്മീരുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം കെ ടി ജലീല്‍ പിന്‍വലിച്ചത്. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്. പരാമര്‍ശങ്ങള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞു.
സിപിഐഎം നിര്‍ദേശിച്ച പ്രകാരമാണ് ജലീല്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. വിവാദ പോസ്റ്റില്‍ ജലീല്‍ രാവിലെ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ജലീല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം.