13 August, 2022 09:14:24 PM
പേവിഷബാധയേറ്റ അസം സ്വദേശി മരിച്ചു; പോലീസുകാരുള്‍പ്പെടെ ആശങ്കയില്‍
കോട്ടയം: പേവിഷ ബാധയ്‌ക്കു ചികിത്സ തേടുന്നതിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ചാടിപ്പോവുകയും ഒടുവിൽ തിരികെ കൊണ്ടുവരികയും ചെയ്ത ആസാം സ്വദേശി മരിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ പേവിഷബാധയ്ക്ക് ചികിത്സ തേടിയ ആസാം സ്വദേശിയായ ജീവൻ ബറുവ ആശുപത്രിയിൽ നിന്ന് ചാടിപ്പോയത് ഏറെ ആശങ്ക പരത്തിയിരുന്നു.
ബുധനാഴ്ച രാത്രി മുതൽ നടന്ന തെരച്ചിലിനൊടുവിൽ ഇയാളെ കുടമാളൂരില്‍ നിന്നും കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ച് വീണ്ടും ചികിത്സ നടത്തുന്നതിനിടയാണ് മരണം സംഭവിച്ചത്. ഇതോടെ ജീവൻ ബറുവയുടെ ഒപ്പം കഴിഞ്ഞവരും ചാടിപ്പോയപ്പോൾ പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരും ആശങ്കയിലാണ്. രോഗിയിൽ നിന്നും കടി ഏൽക്കുകയോ, ശ്രവങ്ങൾ വഴിയോ പേവിഷബാധ പടരാം എന്നാണ് ഡോക്ടർമാർ ചൂണ്ടി കാണിക്കുന്നത്. അതുകൊണ്ട് അത്തരം സന്ദർഭങ്ങളിൽ ഉണ്ടായിരുന്നവർ ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാർ പറയുന്നു.
വാക്സിനെടുത്ത് സുരക്ഷിതമായി കഴിയണം എന്നാണ് പ്രധാനപ്പെട്ട നിർദ്ദേശം. പേ വിഷബാധയേറ്റ ജീവൻ ബറുവ ആശുപത്രിയിലെ ഒരു ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് മരിച്ചത്. പേവിഷബാധ ഏറ്റാൽ രക്ഷപ്പെടാനുള്ള സാധ്യത അപൂർവങ്ങളിൽ അപൂർവമാണ്. ആറുമാസം വരെ രോഗി പരമാവധി ജീവിച്ചിരിക്കാറുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ മരിച്ചു പോകാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ജീവൻ ബറുവ ബുധനാഴ്ച രാത്രി 12.30നാണ് ജീവനക്കാരെയും പോലീസിനെയും ആശങ്കയിലാക്കി ആശുപത്രിയിൽ നിന്നും ചാടിപ്പോയത്. സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ മെഡിക്കൽ കോളേജ് അധികൃതർ ഗാന്ധിനഗർ പോലീസിനെ വിവരമറിയിക്കുകയും ജില്ലയിലാകെ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതിനുശേഷമാണ് രോഗിയെ പിടികൂടാൻ ഏറെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങളിലേക്ക് പോലീസ് കടന്നത്. ഗാന്ധിനഗർ പോലീസിന് പിന്നാലെ കൺട്രോൾ റൂം വാഹനത്തിലെത്തിയ പോലീസ് സംഘവും രാത്രി മുഴുവൻ ഇയാൾക്ക് പിന്നാലെ തന്നെയായിരുന്നു.
പേവിഷയബാധ ഏറ്റയാളെ എങ്ങനെ പിടികൂടും എന്ന സംശയത്തിലായിരുന്നു പോലീസ് സംഘം. രോഗിയെ കണ്ടെത്തിയെങ്കിലും പിടികൂടാനാകാത്ത പ്രതിസന്ധിയായിരുന്നു പോലീസിനെ വലച്ചിരുന്നത്. ഇയാൾ കൂടുതൽ സ്ഥലങ്ങളിലേക്ക് ഓടിപ്പോകരുത് എന്നു കരുതിയാണ് പോലീസ് സംഘം ഇയാളെ പിന്തുടർന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജിൽ നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായത്.
കനത്ത സുരക്ഷാ വലയത്തിലുള്ള മെഡിക്കൽ കോളേജിൽ നിന്നും നേരത്തെ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ശക്തമായ നടപടിയെടുക്കുമെന്നും സുരക്ഷ ഉറപ്പാക്കും എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ അതിനു പിന്നാലെയാണ് അത്യന്തം അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ള രോഗി രാത്രി കടന്നുപോയത്. സാധാരണ ജനങ്ങൾക്ക് അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ള സാഹചര്യം മുൻനിർത്തി വേണ്ടത്ര കരുതൽ രോഗിയുടെ കാര്യത്തിൽ ഉണ്ടായില്ല എന്നും വിലയിരുത്തലുണ്ട്. എന്നിട്ടും നടപടിയെടുക്കാൻ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.