10 August, 2022 09:40:27 PM
ഹർ ഘർ തിരംഗ: ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്താം; അറിയണം ഈ വിവരങ്ങൾ
കോട്ടയം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക (ഹർ ഘർ തിരംഗ) ഓഗസ്റ്റ് 13 മുതൽ 15 വരെ ഉയർത്തുന്നതിന്റെ ഭാഗമായുള്ള തയാറെടുപ്പുകൾ അന്തിമഘട്ടത്തിൽ.
കോട്ടയം ജില്ലയിൽ സ്‌കൂളുകളിൽ നിന്നും വിദ്യാർഥികൾ ഇല്ലാത്ത വീടുകളിൽ നിന്നുമായി 156388 ദേശീയ പതാകകൾക്കുള്ള ഓർഡർ ആണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. സ്‌കൂളുകളിൽ നിന്ന് 99151 പതാകകൾക്കും വിദ്യാർഥികളില്ലാത്ത മറ്റു വീടുകൾ വഴി 57237 പതാകകൾക്കുമുള്ള ഓർഡർ ആണ് ലഭിച്ചിട്ടുള്ളത്. ഹർ ഘർ തിരംഗയിൽ എല്ലാവരും പങ്കാളികളാകണമെന്നും നിർദേശങ്ങൾ പാലിച്ച് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും പതാക ഉയർത്തണമെന്നും ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
പതാക ഉയർത്തുന്നതിനുള്ള
മാർഗനിർദേശങ്ങൾ
ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002, ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയർത്തുന്നതും ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതും. 2002ലെ ഫ്‌ളാഗ് കോഡിൽ 2021 ഡിസംബർ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു.
> കോട്ടൺ/പോളിസ്റ്റർ/കമ്പിളി/ഖാദിസിൽക്ക് എന്നീ തുണികളിൽ
കൈത്തറി, നെയ്ത്ത്, മെഷീൻ എന്നിവ ഉപയോഗിച്ച്ദേശീയ പതാക നിർമിക്കാം.
> ദേശീയ പതാകയുടെ അന്തസിനും ബഹുമതിക്കും യോജിക്കുന്ന നിലയിൽ എല്ലാ ദിവസങ്ങളിലും ആഘോഷവേളകളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ അംഗത്തിന് ദേശീയ പതാക ഉയർത്താം.
> പുതിയ ഭേദഗതി അനുസരിച്ച് പൊതുസ്ഥലത്തോ വീട്ടിലോ ഉയർത്തുന്ന പതാക രാത്രിയും പകലും പാറിക്കാം.
> ദീർഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതു വലുപ്പത്തിലുമാകാം, എന്നാൽ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
> വേറിട്ടുനിൽക്കുന്നനിലയിൽ ആദരവോടെയെ ദേശീയ പതാക പ്രദർശിക്കാവു.
> കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദർശിപ്പിക്കാൻ പാടില്ല
> തലകീഴായി ദേശീയ പതാക പ്രദർശിപ്പിക്കാൻ പാടില്ല
> ഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നിൽ പതാക താഴ്ത്തിപ്രദർശിപ്പിക്കരുത്.
> ദേശീയ പതാകയേക്കാൾ ഉയരത്തിലോ, അരികുചേർന്നോ മറ്റു പതാകയോ കൊടിയോ സ്ഥാപിക്കരുത്. പതാക പറക്കുന്ന കൊടിമരത്തിലോ അതിനു മുകളിലോ പൂക്കളോ, പുഷ്പചക്രങ്ങളോ, ചിഹ്നങ്ങളോ അടക്കമുള്ള ഒരു വസ്തുവും സ്ഥാപിക്കരുത്.
> തോരണമോ, വർണ റിബണോ, കൊടികൾ ആയോ, മറ്റ് അലങ്കാരത്തിനുള്ള വസ്തുക്കൾ ആയോ ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല.
> ദേശീയപതാക തറയിലോ, നിലത്തോ സ്പർശിക്കാനോ, വെള്ളത്തിലഴയാനോ പാടില്ല.
> ദേശീയപതാകയ്ക്കു കേടുവരുന്ന രീതിയിൽ പ്രദർശിപ്പിക്കാനോ കെട്ടാനോ പാടില്ല
> ദേശീയ പതാക കെട്ടുന്ന കൊടിമരത്തിൽ മറ്റു പതാകകൾ കെട്ടാൻ പാടില്ല.
> ദേശീയ പതാകയിൽ ഒരു തരത്തിലുമുള്ള എഴുത്തുകളും പാടില്ല.
> കെട്ടിടങ്ങളുടെ മുൻവശത്തോ, ബാൽക്കണിയിലോ, ജനൽപ്പടിയിലോ തിരശ്ചീനമായി സ്ഥാപിച്ച ദണ്ഡിലോ മറ്റോ ദേശീയപതാക സ്ഥാപിക്കുമ്പോൾ കുങ്കുമവർണഭാഗം ദണ്ഡിന്റെ അങ്ങേയറ്റത്തു വരുന്ന രീതിയിൽ കെട്ടണം.