10 August, 2022 12:26:11 PM


പീഡനകേസിൽ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവായ കണ്ണൂർ നഗരസഭാ കൗൺസിലർ അറസ്റ്റിൽ



കണ്ണൂർ: പീഡന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ കോർപറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിലായി. കണ്ണൂരിലെ സഹകരണ സംഘം ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്. എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബെംഗളൂരുവിൽ നിന്നാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാർ പീഡന പരാതിയെത്തുടർന്ന് ഒളിവിൽ പോവുകയായിരുന്നു.

നേരത്തെ കൃഷ്ണകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. സഹകരണ സംഘത്തിലെ ജീവനക്കാരിയെ ഓഫീസിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ജൂലൈ 15നാണ് കേസിനാധാരമായ സംഭവം. എടക്കാട് പൊലീസാണ് കൃഷ്ണകുമാറിനെതിരെ കേസെടുത്തത്. ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടത്തിയിരുന്നു. കൃഷ്ണകുമാറുമായി ബന്ധമുള്ളവരെയും ചോദ്യംചെയ്തു. 

കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് സഹകരണ സ്ഥാപനം. ഇവിടെ ജീവനക്കാരിയെ ജോലിക്കുകയറ്റിയത് കൃഷ്ണകുമാറായിരുന്നു. ഇക്കാര്യം പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ സംഘം ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. സംഘത്തിലെ മുൻ ജീവനക്കാരനാണ് കൃഷ്ണകുമാർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K