08 August, 2022 04:15:55 PM
'പരിചയക്കുറവുള്ള മുഹമ്മദ് റിയാസ് ജി.സുധാകരന്‍റെ ഉപദേശം തേടണം' - വി ഡി സതീശന്‍
കൊച്ചി: പരിചയക്കുറവുള്ള മുഹമ്മദ് റിയാസ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ ഉപദേശം തേടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ മാതൃകാപരമാണെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്. എന്നാല്‍ എന്താണ് തന്‍റെ വകുപ്പില്‍ നടക്കുന്നതെന്ന് മന്ത്രി അറിയുന്നില്ല. ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ റോഡ് നിര്‍മ്മാണവും അറ്റകുറ്റപ്പണികളും വൈകുകയാണ്.
വായ്ത്താരിയും പി.ആര്‍. വര്‍ക്കും മാത്രമല്ല വേണ്ടത്, കൃത്യമായി വര്‍ക്കുകള്‍ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് വേണ്ടത്. പൊതുനിരത്തിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായത്. ഈ മരണത്തിന് മുന്‍പും റോഡിലെ കുഴികള്‍ സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതാണ്. മഴ തുടങ്ങിയാല്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്ന് അന്നേ മുന്നറിയിപ്പ് നല്‍കിയതാണ്.
സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി തിരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. മരണത്തെ രാഷ്ട്രീയവത്ക്കരിച്ചെന്ന മന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. മഴയ്ക്ക് മുന്‍പ് കുഴികള്‍ നികത്തണമെന്നാണ് ആവശ്യപ്പെട്ടത്. അത് ചെയ്തില്ല. അതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. നഷ്ടം വന്ന കരാറുകാരുടെ വാക്ക് കേട്ടിട്ടാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നതാണ് മന്ത്രിയുടെ മറ്റൊരു ആക്ഷേപം. കരാറുകാരോടും ഉദ്യോഗസ്ഥരോടുമൊക്കെ ഞങ്ങള്‍ സംസാരിക്കും. പിന്നെ ചുറ്റുപാടും നോക്കും. ജനങ്ങള്‍ പരാതി പറയുമ്പോള്‍ ഉദ്യോഗസ്ഥരുമായും കരാറുകാരുമായുമൊക്കെ സംസാരിക്കും. കരാറുകാര്‍ നാടിന്റെ പൊതുശത്രുക്കളൊന്നുമല്ല.
പരിചയക്കുറവ് ഉള്ളതുകൊണ്ടാണ് മന്ത്രി അബദ്ധങ്ങള്‍ കാണിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള കുഴികളാണ് ഇത്തവണ ഉണ്ടായത്. ഇത് പൊതുമരാമത്ത് മന്ത്രി മാത്രം കാണുന്നില്ല. മാതൃകാപരമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും അഭിനന്ദിക്കണമെന്നുമാണ് മന്ത്രി പറയുന്നത്. ജി. സുധാകരന്‍ മന്ത്രിയായിരുന്ന കാലത്ത് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മന്ത്രി പഴയ പൊതുമരാമത്ത് മന്ത്രിയില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കണം. സാമാന്യം ഭംഗിയായി കാര്യങ്ങള്‍ ചെയ്ത മന്ത്രിയായിരുന്നു ജി. സുധാകരന്‍. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടല്ല ജി. സുധാകരന്‍ പ്രവര്‍ത്തിച്ചിരുന്നത്. പഴയ ആളുകളോട് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ ഇപ്പോഴത്തെ മന്ത്രി ശ്രമിക്കണം.
പി.ഡബ്ല്യു.ഡിയില്‍ മെയിന്‍റനെന്‍സ് വിഭാഗം പുതുതായി രൂപീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചെന്നാണ് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. 2017-18 കാലഘട്ടത്തിലാണ് മെയിന്‍റനെന്‍സ് വിഭാഗം രൂപീകരിച്ചതെങ്കിലും അത് പ്രവര്‍ത്തിച്ച് തുടങ്ങിയത് 2021 ലാണ്. എറണാകുളത്ത് മെയിന്‍റനെന്‍സ് വിഭാഗം ആദ്യമായി ടെന്‍ഡര്‍ ചെയ്യുന്നത് 2021 നവംബറിലും തിരുവനന്തപുരത്ത് ഒക്ടോബറിലും കോഴിക്കോട് സെപ്തംബറിലുമാണ്.
പണ്ട് ഉണ്ടാക്കിയതാണെങ്കിലും മെയിന്‍റനന്‍സ് വിഭാഗം പ്രവര്‍ത്തിച്ച് തുടങ്ങിയത് ഇദ്ദേഹം മന്ത്രിയായതിന് ശേഷമാണ്. ഇതേത്തുടര്‍ന്ന് പി.ഡബ്ല്യു.ഡിയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പ്രീ മണ്‍സൂണ്‍ വര്‍ക്ക് വൈകാന്‍ കാരണം. ഫണ്ട് അനുവദിച്ചില്ലെന്നല്ല വര്‍ക്ക് നടന്നില്ലെന്നതാണ് ചൂണ്ടിക്കാട്ടിയത്. മഴ പെയ്യുമ്പോഴല്ല കുഴി അടയ്‌ക്കേണ്ടത്. ഇപ്പോഴും പ്രീ മണ്‍സൂണ്‍ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്ത് നിന്നും കെടുകാര്യസ്ഥത ഉണ്ടായെന്ന് പറഞ്ഞതെന്നും സതീശൻ.