07 August, 2022 02:44:56 PM
ബഹ്‌റയെ ആർക്കാണ് പേടി? ബെഹ്‌റയുടെ അഴിമതിക്ക് മുഖ്യമന്ത്രി എന്തിന് ചൂട്ടുപിടിക്കുന്നു?
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജി ശക്തിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു
കൊച്ചി: മുന്‍ പോലീസ് മേധാവിയും ഇപ്പോള്‍ കൊച്ചി കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടറുമായ ലോകനാഥ് ബെഹ്‌റയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്ര വിധേയത്വം കാണിക്കുന്നതിന്‍റെ കാരണം എന്താണെന്ന ചോദ്യവുമായി മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന ജി. ശക്തിധരന്‍. ബെഹ്‌റയുടെ അഴിമതിക്ക് മുഖ്യമന്ത്രി എന്തിന് ചൂട്ടുപിടിക്കുന്നുവെന്നും അഴിമതി കണ്ടിട്ടും, വാര്‍ത്തകള്‍ വന്നിട്ടും സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് മിണ്ടാട്ടമില്ലാത്തതിന്‍റെ കാരണമെന്തെന്നും അദ്ദേഹം തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ശക്തിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
"ബഹ്‌റയെ ആർക്കാണ് പേടി?
ഇ എം എസിൽ നിന്ന് പിണറായി വിജയനിൽ എത്തുമ്പോൾ കേരളത്തിലെ കമ്മ്യുണിസ്റ്റ് ഭരണം എന്തുമാത്രം ജീർണ്ണമായി, അപചയപ്പെട്ടു, അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് എത്ര വ്യതിചലിച്ചു. അപക്ഷയം നേരിട്ടു എന്നെല്ലാം ചരിത്ര വിദ്യാർത്ഥികൾക്ക് ബോധ്യമാകാൻ കാലം നമുക്ക് സമ്മാനിച്ചിരിക്കുന്ന അസുരവിത്താണ് മുൻ ഡിജിപി ലോക് നാഥ് ബെഹ്റ ഐ പി എസ് . കാലയവനികയ്ക്കു പിന്നിൽ മറഞ്ഞാലും അദ്ദേഹത്തിന്റെ അസ്ഥിപഞ്ജരം പ്രത്യേക കണ്ണാടിക്കൂട്ടിൽ കേരളം സൂക്ഷിക്കണം. എന്തെന്നാൽ കേരളത്തിന് അത്ര വിലപ്പെട്ടതാണ് അദ്ദേഹത്തിന്റെ സർവീസ് ഗാഥ. കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും ഡിജിപിയും ഇത്രകണ്ട് പരസ്പര പൂരകങ്ങളായി വർത്തിച്ചിട്ടില്ല അതിന്റെ ഗുണദോഷങ്ങൾ കാലം തെളിയിക്കട്ടെ.
കേരളത്തിൽ എത്ര മോശമായതാണെങ്കിലും ഇടതുപക്ഷഭരണം തങ്ങളുടെ ജീവിത കാലംവരെയെങ്കിലും നിലനിന്നു കാണണമെന്ന് പ്രഥമ കമ്മ്യൂണിസ്റ്റ് ഭരണകാലം മുതൽ ഇവിടെ ജീവിക്കുന്ന മുതിർന്ന തലമുറയുടെ ഗൃഹാതുരത്വ ചിന്തയാണ്. അതിന് ഏറ്റവും വലിയ തടസ്സം ലോക് നാഥ് ബെഹ്റ എന്ന ഒറിയാക്കാരൻ ആയിരിക്കും.
ഇന്നത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല. പോലീസ് നവീകരണ ഫണ്ടിൽ നിന്ന് നാലരകോടിയോളം രൂപ ചട്ടവിരുദ്ധമായി ചെലവിട്ടതിന് ബെഹ്റ ക്കെതിരെ നടപടി എടുക്കണമെന്ന സി എ ജി യുടെ ഉത്തരവ് അസാധുവാക്കാൻ സംസ്ഥാന മന്ത്രിസഭ ഇപ്പോൾ തീരുമാനിച്ചു . ബെഹ്‌റ ആരുടെ മച്ചമ്പി ആയതുകൊണ്ടാണിത്? ധനവകുപ്പ് എതിർത്തിട്ട് കൂടി അതിനെ മാനിക്കാതെയാണ് മുഖ്യമന്ത്രി ബെഹ്റയുടെ ഈ അഴിമതിക്ക് ചൂട്ടുപിടിക്കുന്നത്. ഇതൊക്കെ മനസിലാക്കിക്കൊണ്ട് തന്നെയാണോ 20 മന്ത്രിമാര് ഈ തീരുമാനത്തിന് കൈ പൊക്കിയത്. എങ്കിൽ ഹാ കഷ്ടം. .
നട്ടെല്ലുള്ള നേതാക്കളാരും സിപിഎം പിബിയിൽ ഇല്ലേ? എത്ര കോടിരൂപയാണ് ഇതിനകം മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിന്റെ പേരിലും മറ്റും വിഴുങ്ങിയത്. ഭാര്യ ജോലി ചെയ്യുന്ന സ്ഥലത്തു ഒരു ഡസൻ പെണ്ണുങ്ങൾ കാവൽ നിന്നതിനു കൊടുക്കാനിരിക്കുന്നത് 1 .77 കോടി രൂപ! ഇതൊക്കെ സാധാരണക്കാർ കൊടുക്കുന്ന നികുതി പണമല്ലേ? ഇടപ്പള്ളിയിലെ വ്യാജ മ്യുസിയം പോലെ എന്തൊക്കെ തരികിട ഏർപ്പാടുകൾ വേറെയുണ്ടാകും? ജനങ്ങളാകെ പട്ടിണിയുടെ വക്കത്തു എത്തി നിൽക്കുമ്പോൾ ഒരു ഒറിയാക്കാരൻ മുഖ്യമന്ത്രിയെ ബന്ദിയാക്കി ജീവിതം സുഖിക്കാനായി പന്താടുന്നു. ശ്രീലങ്കയിൽ അടക്കം ലോകമാകെ സംഭവിക്കുന്ന മാറ്റങ്ങൾ ഇവരൊന്നും കാണുന്നില്ലേ. ഇനി സഹികെട്ടാൽ ജനങ്ങൾ തീപ്പന്തങ്ങളാകും .അത് ഓർമ്മവേണം.
1957 മുതൽ ഇന്നോളമുള്ള കേരള ഭരണ ചരിത്രം പഠനവിഷയമാക്കിയാൽ ഒരു മുഖ്യമന്ത്രിയും ഒരു ഡിജിപിയും തമ്മിൽ ജീവമുക്തികൾ മൂന്നും സംഗമിച്ച ഇങ്ങനെയൊരു ബന്ധം കണ്ടെത്താനാകില്ല. പ്രത്യേകിച്ചും ഒരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിക്ക്. ചിലകാര്യങ്ങൾ പറഞ്ഞു പറഞ്ഞു പതം വന്നാൽ പിന്നെ അതങ്ങു വിട്ടുകളയേ വഴിയുള്ളൂ. എത്രകേട്ടാലും നാണമില്ലെന്ന് വന്നാലുള്ള അവസ്ഥയാണിത്. കഴിഞ്ഞ ആറ് വർഷമായി എത്ര എത്ര വിവാദങ്ങൾ ആണ് ഇരുവരെയും കുറിച്ച് കേരളം കേട്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ സിപിഎം പോളിറ്റ് ബ്യുറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും സംസ്ഥാനകമ്മിറ്റി അംഗങ്ങളും ഇതൊന്നും മാധ്യമങ്ങളിൽ നിന്ന് കാണാത്തതല്ലല്ലോ. എന്തേ ഇവർക്കൊന്നും മുഖ്യമന്ത്രിയോട് ഇതൊന്ന് ചോദിച്ചറിയണമെന്ന് തോന്നാത്തത്. എനിക്ക് അത്ഭുതം തോന്നുന്നു. പാർട്ടിയുടെ അന്തസ്സ് ഇടിക്കുന്നതാണ് ഇത്തരം ആരോപങ്ങൾ എന്ന് ഈ നേതാക്കൾക്കൊന്നും എന്തേ മനസിലാകാത്തത്? അതോ മുഖ്യമന്ത്രി ഇത്തരം ചോദ്യം ചെയ്യലുകൾക്ക് അതീതനോ? മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതികേസിൽ കാര്യസ്ഥന്റെ ജോലി വർഷങ്ങളായി വിശ്വസ്തതയോടെ ചെയ്തുകൊണ്ടിരിക്കുന്നതാണോ ഈ ബന്ധത്തിന്റെ ആണിക്കല്ല്.
ഒരു സംഭവം ഇവിടെ പറയാതിരിക്കാനാകില്ല. വർഷങ്ങളായി മനസ്സിൽ തുറക്കാതെ വെച്ച ഒരു സംഭവത്തിന്റെ വളരെ ചെറിയ ഒരു ഭാഗം. അത് വെളിപ്പെടുത്തുന്നതിലെ എന്റെ അവിവേകത്തിൽ ക്ഷമിക്കുക. വളരെ മിതമായ വാക്കുകളിൽ മാത്രം പറയാം. വിശദാംശങ്ങളിലേക്ക് ഞാൻ കടക്കില്ല.
ഒരിക്കൽ, നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ മകനെക്കുറിച്ചു India Today വാരികയിൽ അപകീർത്തികരമായ ഒരു വാർത്ത വന്നു. അത് വായിച്ചപ്പോൾ പാർട്ടി ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത് ഏറെ ക്ഷുഭിതനായി. ഉടനെ അദ്ദേഹത്തിന്റെ വീട്ടിലെത്താൻ എന്നോട് ആവശ്യപ്പെട്ടു. India Today വായിച്ചിട്ടല്ല ഞാൻ സുർജിത്തിനെ കണ്ടത്. ചെന്നപാടെ India Today എടുത്തിട്ട് നായനാർ ചോദ്യം ചെയ്യൽ തുടങ്ങി. നായനാരുടെ മകന്റെ ചിത്രം അതിൽ കണ്ടപ്പോൾ എന്തോ വിവാദമാണെന്ന് എനിക്ക് മനസിലായി. എന്നാലും പിജിയുടെ മകന് എം ജി രാധാകൃഷ്ണൻ അങ്ങിനെയൊരു കടുംകൈ ചെയ്യുമോ എന്ന് സംശയിച്ചു. പെൺവാണിഭങ്ങൾ പൊട്ടി ഒലിക്കുന്ന കാലമായിരുന്നുവല്ലോ അത്.
ആരോ രാവിലെ സുർജിത്തിനോട് കൊളുത്തിക്കൊടുത്ത വാർത്തയായിരിക്കാം അത്. നായനാർക്ക് ഒരു കത്ത് അയക്കുകയാണ് എന്ന് പറഞ്ഞു രണ്ട് പേജുള്ള കുറിപ്പ് എന്നെ കാണിച്ചു. വായിച്ചപ്പോൾ സ്ഫോടനാത്മകമായ കത്ത്. നായനാരുടെ ത്യാഗോജ്ജ്വല ജീവിതത്തെയും ജനങ്ങളിലെ അഭൂതപൂർവമായ സ്വാധീനത്തെയും മറ്റും പ്രകീർത്തിച്ചാണ് കത്തിന്റെ തുടക്കമെങ്കിലും മക്കളുടെ കാര്യത്തിൽ നമ്മൾ കൂടുതൽ കരുതലും ജാഗ്രതയും കാണിക്കണമെന്ന് അൽപ്പം കടുപ്പത്തോടെയുള്ള ഉപദേശവും അതിലുണ്ടായിരുന്നു.
എന്തിനാണ് ഇത് എന്നെക്കൊണ്ട് വായിപ്പിച്ചത് എന്ന് ചോദിച്ചപ്പോൾ അതിൽ എന്തെങ്കിലും മാറ്റം വേണമോ എന്ന് നോക്കാനാണെന്ന് സുർജിത് വ്യക്തമാക്കി. ഇപ്പോൾ തന്നെ ഇത് കീറിക്കളയണമെന്നാണ് എന്റെ അഭിപ്രായം എന്ന് പറഞ്ഞപ്പോൾ സുർജിത്തിന് ഇഷ്ടമായില്ല. ഇത്തരം കാര്യങ്ങളിൽ ഉപേക്ഷ കാണിച്ചുകൂടാ എന്നും തക്കസമയത്ത് ഇടപെട്ടില്ലെങ്കിൽ അപകടമാകും എന്നെല്ലാം അദ്ദേഹം കൂട്ടിച്ചേർത്തു . നായനാർ മഹാനാണെന്ന് ഷേക്സ്പിയർ നാടകത്തിലെ ശൈലിയിൽ സ്തുതിപറഞ്ഞു കൊണ്ടാണ് സുർജിത് താത്വിക വിശകലനത്തിലേക്ക് കടന്നത്. എനിക്കത് അരോചകമായിരുന്നത് കൊണ്ട് ഞാൻ പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ഈ കുറിപ്പ് എ കെ ജി ഭവനിൽ കയറി പ്രകാശ് കാരാട്ടിനെ ഏൽപ്പിച്ചിട്ടു പോകാൻ നിർദേശിച്ചെങ്കിലും ഞാൻ വാങ്ങിയില്ല. സുർജിത്തിന് എന്നെ അത്ര വിശ്വാസമായിരുന്നു എന്നും. കത്തിൽ കുറച്ചുമാറ്റങ്ങൾ സംസാരത്തിനിടെ വരുത്തിയെങ്കിലും അത് ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. ഞാൻ നായനാരെ സംബന്ധിക്കുന്ന ഒരു കത്ത് എ കെ ജി ഭവനിൽ നിർദോഷമായാണെങ്കിലും എത്തിച്ചാൽ വരാവുന്ന ഭവിഷ്യത്ത് സുർജിത്തിന് ബോധ്യമായത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. പാർട്ടി ആസ്ഥാനത്തു ചുമരുകൾക്കും ശ്രവണശേഷിയുള്ളതാണ് .
ഞാൻ പറഞ്ഞുവന്നത് നായനാരെ പോലെ ഒരു ചരിത്ര പുരുഷനെക്കുറിച്ചു ഒരു വാരികയിൽ ഊഹാപോഹം മാത്രമടങ്ങുന്ന ഒരു വാർത്ത വന്നപ്പോൾ പാർട്ടി ജനറൽ സെക്രട്ടറി സ്വീകരിച്ച കർക്കശ സമീപനവും ഇന്നത്തെ സ്ഥിതിയെയും ഒന്ന് താരതമ്യപ്പെടുത്താനാണ്. ഞാൻ സൂർജിത്തിന്റെ വീട്ടിൽനിന്ന് മടങ്ങുമ്പോൾ ഈ സംഭവം എന്റെ മനസിനെ വല്ലാതെ മഥിച്ചു. ഞാൻ തന്നെ സ്വയം ചോദിച്ച രണ്ട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന് സുർജിത് കാണിച്ച മാതൃക കാപട്യമാണോ? എന്തെന്നാൽ മുഖ്യമന്ത്രിയും പിബി അംഗവും ആയ നായനാരേക്കാൾ ഉയരത്തിലാണ് താനെന്ന് തെളിയിക്കാനുള്ള ഒരവസരം സുർജിത് മുതലാക്കിയതാണോ? നായനാരെക്കാൾ എത്രയോ ത്യാഗോജ്ജലമായ ജീവിതം നയിച്ച ചരിത്രപുരുഷനാണ് സുർജിത്. വിപ്ലവകാരി എന്ന വാക്കിന് ഇന്ത്യയിലെ പര്യായം. പക്ഷെ പാർട്ടിയുടെ ഭാവിയെ ബാധിക്കാവുന്ന കാര്യങ്ങളിൽ കടുകിട വിട്ടുവീഴ്ചയില്ല എന്ന നിലപാടിന് മുമ്പും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. .അവിടെ ഇ എം എസ് എന്നോ ജ്യോതിബസു എന്നോ ഇളവില്ല. എത്ര സംഭവങ്ങൾ വേണമെങ്കിലും എന്റെ ഓർമ്മയിൽ ഉണ്ട്. അത് പിണറായി വിജയൻ ആണെങ്കിലും ഒരു കാലത്തു പാർട്ടി ലൈനിൽ അതേ പോലെ കർക്കശക്കാരനായിരുന്നു .അത് അദ്ദേഹം ജലീലിന്റെ തിര ബക്കറ്റിൽ കയറുന്നതിന് മുമ്പത്തെ കാലം. ജീവൻ ഒന്ന് ശരീരം രണ്ട് എന്ന മട്ടിൽ ജലീലിനെ ഒക്കത്തു വെച്ച് തുടങ്ങിയതോടെയാണ് ചെമ്പ് തെളിഞ്ഞത്.
ഞാൻ പറയാൻ വന്നത്, ഇന്നത്തെ കേരളത്തിലെ പിബിയിലെയും കേന്ദ്രകമ്മിറ്റിയിലെയും സംസ്‌ഥാനകമ്മിറ്റിയിലെയും അംഗങ്ങളുടെ ദയനീയാവസ്ഥ കണ്ടിട്ടാണ്. ഒരു പിബി അംഗത്തിന് പോലും വായിൽ നാവില്ല. കമ്മിറ്റിക്ക് ഇറങ്ങും മുമ്പേ ഭാര്യ നാവ് വാങ്ങി അലമാരയിൽ വെക്കും. അതല്ലെങ്കിൽ അവിടെ പോയി തിരിച്ചു വരുമ്പോൾ എല്ലാ സുഖസൗകര്യങ്ങളും ആവിയായിപ്പോകും. മുഖ്യമന്ത്രി ആരോപണങ്ങളുടെ പത്മവ്യൂഹത്തിൽ കിടക്കുന്നത് കൊണ്ടാകാം എത്ര എത്ര അത്യുന്നതർ ആണ് ചുറ്റുവട്ടത്തിൽ സർക്കാർ ചെലവിൽ കറങ്ങുന്നത്. ഐ പി എസു കാരുടെ കാക്കപ്പിടുത്തത്തിന് ഒരാൾ മതി.
ഒറ്റ ഉദാഹരണം. കേരളത്തിൽ അഞ്ചുവർഷം ആഭ്യന്തര മന്ത്രിയായിരുന്നല്ലോ കോടിയേരി ബാലകൃഷ്‌ണൻ. അദ്ദേഹത്തിന്റെ മകൻ ഒരു വർഷത്തിലേറെ ജയിലിൽ ആയിരുന്നല്ലോ. മന്ത്രി എന്ന നിലയിലുള്ള പഴയ പരിചയം വെച്ച് എത്രയോ ഐ പി എസ് ഉദ്യോഗസ്ഥരെ, അതല്ലെങ്കില് അവരുടെ ബാച്ച് മേറ്റുകൾ വഴി എന്തെല്ലാം സഹായം ആ കേസിലോ ജയിലിലോ നേടാമായിരുന്നു. എന്തൊക്കെ ആക്ഷേപം പറഞ്ഞാലും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് എന്തുകൊണ്ടാണ് കോടിയേരി തീരുമാനിച്ചത്. ബഹ്‌റ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ഇതേ കാര്യസ്ഥൻ പണിയല്ലേ? എന്തുകൊണ്ടാണ് വെള്ളാപ്പിള്ളി നടേശൻന്റെ മകൻ സാമ്പത്തിക കുറ്റത്തിന് ഗൾഫിൽ ജയിലിൽ ആയപ്പോൾ മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തെഴുതി രംഗത്തിറങ്ങി? ആ ഔദാര്യം കോടിയേരിബാലകൃഷ്ണന്റെ മകന്റെ കാര്യത്തിൽ കാണാത്തത് യാദൃശ്ഛികമാണോ? .ആ കത്തിന്റെ പിന്നിലും മന്ത്രി ജലീലിന്റെ കുട്ടിച്ചാത്തൻ കളിയാണോ? അതാണോ രണ്ടുദിവസം മുമ്പ് ജലീലിനെ വെള്ളാപ്പിള്ളി നേരില് വിളിച്ച് അഭിനന്ദിച്ചത് എന്തേ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മറ്റൊരു പിബി അംഗത്തിന്റെ ഭാര്യയെ ഒരു തവണയെങ്കിലും ഫോണിൽ വിളിച്ചു തങ്ങളുടെ കുടുംബവും ആ വേദന പങ്കിടുകയാണെന്ന് പറയാത്തത്? .അതോ ഈ യുദ്ധത്തിൽ കോടിയേരി ആവിയായിപ്പോകും എന്ന് കണക്കുകൂട്ടിയോ? അതൊക്കെ രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങൾ. അത് വിടുന്നു.
സർവീസിൽ സമ്പൂർണ്ണ കാലാവധി പൂർത്തിയാക്കി അടുത്തൂൺ പറ്റിയ ബഹ്‌റയെ അദ്ദേഹം കണ്ണുവെച്ച തസ്തികയിൽ തന്നെ പുനർനിയമനം നല്കി ആദരിക്കാൻ ഇദ്ദേഹമെന്താ ഒറീസ്സയിലെ കമ്മ്യുണിസ്റ്റ് പ്രസ്‌ഥാനം കണ്ടുപിടിച്ച ആളാണോ? എന്ത് മികച്ച സേവനമാണ് അദ്ദേഹം കേരളത്തിൽ കാഴ്ചവെച്ചത്, മുഖ്യമന്ത്രിയുടെ കാര്യസ്ഥനും ഉന്നതതലത്തിൽ മുഖ്യമ ന്ത്രിക്കെതിരായ കരുനീക്കങ്ങൾ ഉണ്ടെങ്കില് അത് ചോർത്താനും നിയോഗിക്കപ്പെട്ടിരിക്കുന്ന ഒരാളെക്കൊണ്ട് കേരളത്തിന് എന്താ നേട്ടം?.
ചരിത്രം ഒരു കാര്യം രേഖപ്പെടുത്തും തീർച്ച . കേരളത്തിലെ ദരിദ്രനാരായണന്മാരുടെ പ്രസ്ഥാനത്തെ കട്ടപ്പുകയാക്കുന്നതിൽ തൊണ്ണൂറുകളിൽ ഒറീസ്സയിൽ നിന്ന് കേരളത്തിലെത്തിയ ഒരു യുവാവ് വഹിച്ച പങ്ക് നിസ്തുലം. വെറും കയ്യോടെ എത്തിയ അയാൾ മടങ്ങിയപ്പോൾ..............."