03 August, 2022 12:29:01 PM


'മയക്കുമരുന്ന് തൊണ്ടിമുതൽ കൃത്രിമം': ഒരു മാസത്തെ സ്റ്റേ; മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം



കൊച്ചി: മൂന്ന് പതിറ്റാണ്ട് മുമ്പുള്ള തൊണ്ടി നശിപ്പിക്കൽ കേസിൽ മന്ത്രി ആന്‍റണി രാജുവിന് താത്കാലികാശ്വാസം. മന്ത്രി ആന്‍റണി രാജുവിനെതിരായ കേസിലെ തുടര്‍ നടപടികൾക്ക് ഹൈക്കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചു. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിൽ ആന്‍റണി രാജുവിന്‍റെ ഹർജി ഫയലില്‍ സ്വീകരിച്ചാണ് നടപടി. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവറ്റോർ സാർവലി പ്രതിയായ ലഹരിമരുന്ന് കേസിലെ പ്രധാന തൊണ്ടിയായ അടിവസ്ത്ര കോടതിയിൽ നിന്ന് കൊണ്ടുപോയി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്.

അടിവസ്ത്രം വെട്ടി തയ്ച്ച് കൃത്രിമം കാട്ടിയതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ആൻഡ്രൂ സാൽവറ്റോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്‍റണി രാജുവിനും കോടതിയിലെ ക്ലാർക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്‍റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാൽ, വിചാരണ അകാരണമായി നീണ്ടു.

കേസിൽ ഈ മാസം നാലിന് വിചാരണ തുടങ്ങും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്ന് മൂന്നു സാക്ഷികളെ വിസ്തരിക്കും. കേസിൽ ആകെ 29 സാക്ഷികളാണുള്ളത്. 1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹഷീഷുമായി ആൻഡ്രൂ സാൽവറ്റോർ സാർവലിയെ അറസ്റ്റു ചെയ്തത്. അക്കാലത്ത് കേരളാ കോൺഗ്രസിന്‍റെ പ്രാദേശിക നേതാവും തിരുവനന്തപുരം ബാറിൽ ജൂനിയർ അഭിഭാഷകനുമായിരുന്നു ആന്‍റണി രാജു. അദ്ദേഹത്തിന്‍റെ സീനിയറാണ് ഈ കേസിൽ വക്കാലത്ത് എടുത്തത്.

സെഷൻസ് കോടതിയിൽ കേസ് തോറ്റെങ്കിലും കേസിലെ പ്രധാന തൊണ്ടിമുതലായ ജട്ടി പ്രതിക്ക് ധരിക്കാൻ കഴിയുന്നതായിരുന്നില്ല. അതിനാൽ അത് പ്രതിയുടേത് അല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേ വിട്ടു. എന്നാൽ കേസിൽ കൃത്രിമം കാണിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ പരാതിയിൽ കോടതി അന്വേഷണത്തിനു നിർദേശം നൽകി. കോടതിയിൽനിന്നു തൊണ്ടിമുതലായ വിദേശ പൗരന്‍റെ ജട്ടി വാങ്ങിയതും മടക്കി നൽകിയതും ആന്‍റണി രാജുവാണ്. ഇത് സംബന്ധിച്ച കോടതി രേഖകൾ തെളിവുകളായി ഉണ്ട്.

2006ൽ കോടതിയിൽ കുറ്റപത്രം നല്‍കിയ കേസ് 2014ൽ നെടുമങ്ങാട് കോടതിക്കു കൈമാറി. തെളിവുകളെല്ലാം യുഡിഎഫ് സർക്കാർ ശേഖരിച്ചിട്ടും കേസ് എടുക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണു കോടതി എത്തിയതെന്നാണ് ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് സർക്കാർ എടുത്ത കള്ളക്കേസാണിതെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ അവകാശവാദം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K