02 August, 2022 03:40:59 PM
വിമാനത്താവളത്തിൽ പ്രവാസി യുവാവിനെ വിവസ്ത്രനാക്കി പരിശോധിച്ചതായി പരാതി
കണ്ണൂർ: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് വന്ന പ്രവാസി യുവാവിനെ കണ്ണൂർ വിമാനത്താവളത്തിൽ വിവസ്ത്രനാക്കി പരിശോധിച്ചതായി പരാതി. സ്വര്‍ണം കടത്തുന്നെന്ന സന്ദേശം ലഭിച്ചെന്ന് പറഞ്ഞാണ് മസ്ക്കറ്റിൽനിന്നുള്ള യുവാവിനെ വിവസ്ത്രനാക്കി പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. അവസാനം ക്ഷമാപണം നടത്തി വിട്ടയയ്ക്കുകയാണ് അധികൃതർ ചെയ്തത്.
മണിക്കൂറുകളോളം തടഞ്ഞുവെച്ച് പരിശോധിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ചപ്പോള്‍ മസ്ക്കറ്റില്‍നിന്ന് സ്വര്‍ണവുമായി വരുന്നുണ്ടെന്ന് സന്ദേശം ലഭിച്ചെന്നായിരുന്നു അധികൃതരുടെ മറുപടി. മസ്കറ്റില്‍നിന്ന് കണ്ണൂരിലേക്ക് വെള്ളിയാഴ്ച രാത്രി എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്താവളത്തില്‍ മോശം അനുഭവമുണ്ടായത്. ശനിയാഴ്ച രാത്രി നടക്കുന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മത്രയിലെ ഷോപ്പില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി വെള്ളിയാഴ്ച നാട്ടിലേക്ക് എത്തിയത്.
കണ്ണൂര്‍ വിമാനത്താവളത്തിലെ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നു പോകുമ്പോൾ ബീപ് ശബ്ദം കേട്ടതോടെ യുവാവിനെ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. മൂന്നു യന്ത്രങ്ങളിലൂടെ കടന്നുനോക്കിയെങ്കിലും ഒരെണ്ണം മാത്രമാണ് ബീപ് ശബ്ദം പുറപ്പെടുവിക്കാഞ്ഞത്. തുടര്‍ന്ന് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സംശയിച്ച് വിവസ്ത്രനാക്കി പരിശോധിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
എന്നാൽ യന്ത്രത്തിന്റെ തകരാർ മൂലമാണ് ബീപ് ശബ്ദം കേട്ടതെന്നാണ് യുവാവ് പറയുന്നത്. ഇതാണ് തന്നെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്താൻ ഇടയാക്കിയതെന്ന് യാത്രക്കാരന് പറയുന്നു. മലയാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥന് കാര്യം മനസിലായെങ്കിലും വീഴ്ച മറയ്ക്കാനായി ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ നടത്തി ബുദ്ധിമുട്ടിലാക്കിയതെന്നും ഇയാള്‍ പറയുന്നു.
വിശദമായി പരിശോധിച്ചിട്ടും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ ക്ഷമാപണം നടത്തി പറഞ്ഞുവിടുകയാണ് അധികൃതർ ചെയ്തത്. ഒരു ഗ്രാം സ്വര്‍ണം പോലും ഇല്ലാതെ നാട്ടിലേക്ക് വന്ന തന്നെ പരിശോധനയുടെ പേരിൽ അപമാനിക്കുകയായിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉദ്യോഗസ്ഥർ പരിശോധിച്ചതായി ഇദ്ദേഹം പറയുന്നു. വാട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയെല്ലാം തുറന്ന് പരിശോധിച്ച ശേഷമാണ് വിട്ടയച്ചതെന്നും യാത്രക്കാരനായ യുവാവ് പറഞ്ഞു.