02 August, 2022 03:29:28 PM
കോട്ടയത്ത് രണ്ടു മരണം: കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റും - മന്ത്രി വാസവന്‍
കോട്ടയം: കനത്ത മഴയില്‍ കോട്ടയത്ത് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്‌തെന്ന് മന്ത്രി വി.എന്‍.വാസവന്‍. മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആര്‍.അനീഷ് (36), കൂട്ടിക്കല്‍ സ്വദേശി റിയാസ്(45) എന്നിവരാണ് മരിച്ചത്. കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂട്ടിക്കല്‍ മേഖലയില്‍ മഴ ശക്തമാകുമ്പോള്‍ തന്നെ ജലനിരപ്പ് ഉയരാന്‍ പ്രദേശത്തെ ചെക്ക് ഡാം കാരണമാകുന്നുണ്ട്. ഇക്കാര്യം എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നു. ഡാം പൊളിച്ചു മാറ്റുന്നതിന് എത്രയും പെട്ടെന്ന് ഫണ്ട് അനുവാദിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും വി.എന്‍.വാസവന്‍ അറിയിച്ചു.
മലവെള്ളപ്പാച്ചിലില്‍ നദികളിലും പാലങ്ങളിലും അടിയുന്ന മാലിന്യങ്ങള്‍ അപ്പപ്പോള്‍ മാറ്റാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി നാശമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. കണക്കെടുക്കാന്‍ കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുകള്‍ മാറ്റാന്‍ പൊതുമരാമത്ത് വകുപ്പും നടപടി തുടങ്ങി. ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ മീനച്ചില്‍ കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങാന്‍ വേണ്ടി വരുന്ന രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാന്‍ നടപടിയെടുക്കും. ഉടന്‍ ഉത്തരവിറക്കും. ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഈരാറ്റുപേട്ടയിലെത്തിയതായും അദ്ദേഹം പറഞ്ഞു.