27 July, 2022 09:22:11 PM
മണ്‍മറഞ്ഞ നേതാക്കള്‍ക്കായി കര്‍ക്കടകവാവുദിനത്തില്‍ വഴിപാടുമായി ഡിഎംകെ നേതാവ്
- സ്വന്തം ലേഖകന്‍
വൈക്കം: മണ്‍മറഞ്ഞ നേതാക്കളുടെ സ്മരണയ്ക്കുമുന്നില്‍ കര്‍ക്കിടകവാവ് ദിനത്തില്‍ വഴിപാടുമായി ഡിഎംകെ നേതാവ്. തമിഴന്‍റെ സ്വത്വബോധത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന തന്തൈ പെരിയാര്‍, ഡിഎംകെയുടെ സ്ഥാപകനേതാവ് സി.എന്‍.അണ്ണാദുരൈ, തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ പിതാവുമായ എം.കരുണാനിധി എന്നിവരുടെ പേരില്‍ ഡിഎംകെ കോട്ടയം ജില്ലാ സെക്രട്ടറി കോട്ടയം ഗോപകുമാറാണ് വൈക്കം മഹാദേവക്ഷേത്രത്തില്‍ കൂട്ടനമസ്കാരം വഴിപാടിന് പണമടച്ച് ശീട്ടാക്കിയത്.
വ്യാഴാഴ്ച നടത്താനുള്ള വഴിപാടിന് ബുധനാഴ്ച വൈകിട്ട് ക്ഷേത്രത്തിലെത്തി അദ്ദേഹം പണമടച്ച് രസീത് വാങ്ങി. എം.കെ.സ്റ്റാലിന്‍ കോവിഡ് ബാധിതനായപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഗോപകുമാര്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമം, ക്ഷീരധാര എന്നീ വഴിപാടുകള്‍ നടത്തിയിരുന്നു. വൈക്കം സത്യാഗ്രഹത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച തന്തൈ പെരിയാറിന്‍റെ ജന്മദിനം സെപ്റ്റംബർ 17ന് വൈക്കത്തെ അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപത്തില്‍ വിപുലമായി ആഘോഷിക്കുമെന്നും കോട്ടയം ഗോപകുമാര്‍ പറഞ്ഞു.
തന്തൈ പെരിയാര്‍: സാമൂഹ്യപരിഷ്‌കർത്താവായ ഇ.വി.രാമസ്വാമി എന്ന തന്തൈ പെരിയാര്‍ 1879 സെപ്റ്റംബർ 17-ന് ഈറോഡിൽ ജനിച്ചു. തമിഴന്‍റെ സ്വത്വബോധത്തിന്‍റെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. "പെരിയാർ" എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ സി.എൻ. അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ തന്നെ നിന്നു. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു.
1924-ലെ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതോടെ പെരിയോര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനായി. വൈക്കം സത്യാഗ്രഹത്തില്‍ പെരിയോര്‍ നടത്തിയ ഇടപെടുകള്‍ ശ്രദ്ധേയമായ വിവാദങ്ങള്‍ക്കുതന്നെ പില്‍ക്കാലത്ത് വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ പെരിയോര്‍ തന്‍റെ പ്രത്യയശാസ്ത്രപരമായ അടിത്തറയും ആശയപ്രചരണവും വികസിപ്പിക്കുന്നത് വൈക്കം സത്യാഗ്രഹത്തോടെയാണ്.
വൈക്കം സത്യഗ്രഹത്തിൽ പെരിയാർ വഹിച്ച നേതൃപരമായ പങ്ക് വരും തലമുറകൾക്ക് പകർന്നു നൽകുന്നതിനായാണ് തമിഴ്‌നാട് സർക്കാർ ഇവിടെ തന്തൈ പെരിയാർ സ്മാരകം സ്ഥാപിച്ചത്. പി. എസ്. ശ്രീനിവാസൻ കേരളത്തിലും നാവലർ വി.ആർ. നെടുഞ്ചെഴിയൻ തമിഴകത്തും റവന്യൂ മന്ത്രിമാരായിരുന്നപ്പോൾ വലിയകവലയിലെ അര ഏക്കറിലധികം വരുന്ന ഭൂമി തമിഴ്‌നാട് സർക്കാരിന് കൈമാറി. പെരിയാറിന്‍റെ സ്മാരകമായി അദ്ദേഹത്തിന്‍റെ പ്രതിമയും ഓപ്പൺ സ്റ്റേജും കുട്ടികൾക്കായി ഏതാനും കളിയുപകരണങ്ങളും ലൈബ്രറിയും ഇവിടെ സ്ഥാപിക്കപ്പെട്ടു. 1994 ജനുവരി 31ന് പാർക്ക് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
സി.എൻ.അണ്ണാദുരൈ: 1909 സെപ്റ്റംബർ 15-ന് കാഞ്ചീപുരത്ത് ഒരു നെയ്ത്തു തൊഴിലാളികുടുംബത്തിൽ ജനിച്ചു. രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും എം.എ. ബിരുദം നേടിയശേഷം അദ്ധ്യാപകനായി ജീവിതം ആരംഭിച്ചു. സി. രാജഗോപാലാചാരി മദ്രാസ് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് (1937-39) അണ്ണാദുരൈ ഹിന്ദിഭാഷാ പ്രചരണത്തിനെതിരായി പ്രക്ഷോഭം നടത്തിയതിന്‍റെ ഫലമായി തടവുശിക്ഷയ്ക്കു വിധേയനായി. 1962-ൽ ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇ.വി.രാമസ്വാമി നായ്‌ക്കരോടൊപ്പം 1944-ല്‍ ദ്രാവിഡ കഴകം സ്ഥാപിച്ചു. രാമസ്വാമി നായ്ക്കരുമായുണ്ടായ അഭിപ്രായവ്യത്യാസംമൂലം ഇദ്ദേഹം ദ്രാവിഡകഴകം വിടുകയും ഏതാനും ചില അനുയായികളുമൊത്ത് 1949-ൽ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പുതിയ സംഘടന രൂപവത്കരിക്കുകയും ചെയ്തു. 1962-ല്‍ അദ്ദേഹം രാജ്യസഭാംഗവും 1967-ല് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി. തമിഴ് ജനതയുടെ അനിഷേധ്യ നേതാവായി ഉയർന്ന അണ്ണാദുരൈയെ അനുയായികൾ 'അണ്ണാ' എന്ന ഓമനപ്പേരു നല്കി ആദരിച്ചു. ഇദ്ദേഹത്തിന്‍റെ ഭരണത്തിൻകീഴിലാണ് മദ്രാസ് സംസ്ഥാനത്തിന്‍റെ ഔദ്യോഗികനാമം 'തമിഴ്നാട്' എന്നാക്കി മാറ്റിയത്.
എം കരുണാനിധി: നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി 1924 ജൂൺ 3-നാണ് കരുണാനിധി ജനിച്ചത്. ദക്ഷിണാമൂർത്തിയെന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്. 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്ന് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ ഇദ്ദേഹം ഓരോ തവണയും നടന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് നേടിയിരുന്നത്. 2018 ആഗസ്റ്റ് 7-ന് അന്തരിച്ചു. മരിക്കുമ്പോൾ 94 വയസ്സായിരുന്നു.
Share this News Now:
Like(s): 5.7K