27 July, 2022 01:46:19 PM


മന്ത്രി - എംഎല്‍എമാരുടെ ശമ്പളം കൂടും; കമ്മീഷനെ നിയോഗിച്ച് സംസ്ഥാന സർക്കാർ



തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവര്‍ധവിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഏകാംഗ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ആറ് മാസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ നിർദേശം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വേതനം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നാവശ്യം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് കമ്മീഷനെ വെക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം.

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ഇത് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് കമ്മീഷനെ വെക്കാനുള്ള മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലില്‍ ഇതിനോടകം മാറ്റംവന്നെന്നും ജീവിത ചെലവ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി.

2018 ലാണ് ഇതിന് മുമ്പ് സാമാജികരുടെ ശമ്പളം വര്‍ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55,012-ല്‍ നിന്ന് 90,000 ആയും എംഎല്‍എമാരുടെ ശമ്പളം 39,500 ല്‍ നിന്ന് 70,000 ആയിട്ടുമാണ് അന്ന് വര്‍ധിപ്പിച്ചിരുന്നത്. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു.

അതേസമയം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കത്തയച്ചു. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും റവന്യു കമ്മി ഗ്രാന്റ് കുറച്ചതും കടമെടുപ്പ് വെട്ടിക്കുറച്ചതും ഭരണഘടനാ തത്വങ്ങള്‍ക്കും വിവിധ കോടതി വിധികള്‍ക്കും എതിരാണെന്ന് അക്കമിട്ട് നിരത്തിയാണ് കത്ത്. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമം പാലിക്കാനാണ് കത്തു നല്‍കിയതെന്ന് സൂചനയുണ്ട്. അടുത്ത മാസം ഒന്നിന് മധുരയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കില്‍ കേരളം നിയമവഴിക്ക് നീങ്ങാനാണു സാധ്യത.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K