24 July, 2022 07:50:05 PM
നടവഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവം; മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ കിളിമാനൂരില്‍ നടവഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് എത്തിയ സംഘമാണ് കിളമാനൂര്‍ സ്വദേശി രജീഷിനെ മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റ രജീഷിനെ കേശവപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില് കിടത്തി ചികിത്സ നല്‍കിയില്ലെന്നും പരാതിയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കിളിമാനൂര്‍ ബിവറേജസിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ടെമ്പോ ട്രാവലറിലെത്തിയ സംഘം സ്വകാര്യ വഴിയില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതോടെ കയ്യേറ്റമുണ്ടായെന്നാണ് യുവാവ് കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൂന്നംഗസംഘം അസഭ്യം വിളിക്കുകയും മുഖത്ത് പലതവണ ഇടിച്ചെന്നും മര്‍ദനമേറ്റ കിളിമാനൂര്‍ സ്വദേശി രജീഷ് പറഞ്ഞു.
സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്പെന്‍റ് ചെയ്തത്. അതിനിടെ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ കേശവപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില് കിടത്തി ചികിത്സ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. റെയില്‍വേ ജീവനക്കാരനായ രജീഷ് നിലവില്‍ തിരുവനന്തപുരം റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ്.