24 July, 2022 03:57:30 PM
പോലീസ് കാണാനില്ലെന്ന് പറയുന്ന സരിത ദിവസേന പത്രസമ്മേളനം നടത്തുന്നു; ഡിജിപിക്ക് പരാതി
ആലപ്പുഴ: സോളാർ കേസ് പ്രതി സരിതാ എസ് നായർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. അറസ്റ്റ് വാറണ്ടുള്ള സരിതയെ കാണാനില്ലെന്നാണ് പൊലീസ് കോടതിയെ അറിയിക്കുന്നത്. എന്നാല്‍ സരിതാ നായർ ദിവസേന പത്രസമ്മേളനം നടത്തുന്നുണ്ടെന്നും അവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. അമ്പലപ്പുഴ സ്വദേശി നാരായണൻ നമ്പൂതിരിയാണ് സംസ്ഥാന പൊലിസ് മേധാവിയെ സമീപിച്ചത്.
താൻ ഉൾപ്പടെയുള്ളവർ നൽകിയ കേസിൽ ഹാജരാകാതിരിക്കുന്ന സരിതയെ കാണാനില്ലെന്ന മറുപടിയാണ് കോടതിയിൽ പോലീസ് നൽകുന്നത്. 13 ൽ അധികം കേസിൽ വാറണ്ടുള്ളയാളാണ് ദിവസേന പത്ര സമ്മേളനം നടത്തുകയും, പൊലീസ് സ്‌റ്റേഷനുകളിൽ എത്തി പരാതിയും മൊഴിയും ഉൾപ്പടെ നൽകുന്നതും. ഇത് പൊലീസും സരിതയും തമ്മിലുള്ള ഒത്തുകളിയാണ്. എത്രയും വേഗം സരിതയെ അറസ്റ്റ് ചെയ്ത് വാറണ്ടുള്ള കേസുകളിൽ കോടതിയില്‍ ഹാജരാക്കണമെന്നും പരാതിയിൽ പറയുന്നു.
അതിനിടെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന സരിത എസ് നായർ സാക്ഷിയായ കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് വലിയ വാർത്തയായിരുന്നു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കേസില്‍ സ്വപ്ന സുരേഷാണ് ഒന്നാം പ്രതി. മുന്‍മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പി.സി ജോർജിനെതിരെ ഗൂഢാലോചന കേസ് എടുത്തത്. കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.