19 July, 2022 04:47:37 PM
'കാക്കിക്കുള്ളിലെ തീവവാദം': കാഞ്ഞിരപ്പള്ളിയിലെ വനിതാ എഎസ്ഐക്ക് സസ്പെൻഷൻ
കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിനെ സസ്പെൻഡ് ചെയ്തു ഉത്തരവായി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മധ്യമേഖലാ ഡിഐജിയുടേതാണ് നടപടി.
പൊലീസിനും കോടതിക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്‍കി കൊണ്ടുള്ള വനിതാ എഎസ്ഐയുടെ നിലപാട് ഏറെ വിവാദമായിരുന്നു. ജൂലൈ അഞ്ചിനായിരുന്നു സംഭവം. ഇത്ര ദിവസമായിട്ടും റംലയ്ക്കെതിരെ നടപടി വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതേസമയം, താനല്ല ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതെന്ന് റംല ഇസ്മായിൽ പൊലീസിന്റെ ആഭ്യന്തര അന്വേഷണ സമിതിക്ക് മൊഴി നൽകി. തന്റെ ഫേസ്ബുക്ക് ഉപയോഗിച്ച് ഭർത്താവാണ് പോസ്റ്റ് ഷെയർ ചെയ്തത് എന്നാണ് റംലയുടെ മൊഴി. എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഇതോടെയാണ് നടപടിക്ക് ശുപാർശ ചെയ്തു ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഡിഐജി നീരജ് ഗുപ്തക്ക് റിപ്പോർട്ട് നൽകിയത്. പോലീസിന് വേണ്ട അച്ചടക്കം അടക്കമുള്ള കാര്യങ്ങളിൽ റംല വീഴ്ച വരുത്തി എന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്