18 July, 2022 10:07:02 PM


ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ എട്ടു പേര്‍ പിടിയില്‍



കൊടൈക്കനാൽ: ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ എട്ടു പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. കൊടൈക്കനാൽ പെരുമാൾ മലയടുത്തുള്ള പാലമല ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഒരാൾ‌ ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിൽ നിന്ന് മൂന്ന് ആന കൊമ്പുകൾ, നാടൻ തോക്ക്, കേരള, തമിഴ്നാട് രജിസ്ട്രേഷൻ കാറുകൾ എന്നിവ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വലിപ്പമുള്ള രണ്ടു കൊമ്പുകളും വ്യാജമാണെന്നും ചെറിയ കൊമ്പ് കാണിച്ച് കബളിപ്പിക്കുകയായിരുന്നെന്നും വ്യക്തമായി. 

പാലമലയിലെ സ്വകാര്യ ലോഡ്ജിൽ വിൽപന നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. തൃശൂർ സ്വദേശി സിബിൻ തോമസ്, മലപ്പുറം സ്വദേശി അബ്ദുൽ റഷീദ്. കാരകുടി സ്വദേശി രാജ്കുമാർ, വത്തലകുണ്ട് സ്വദേശി പ്രഭാകരൻ, പെരുമാള്‍ മല സ്വദേശി ജോസഫ് സേവ്യർ, മധുര തനക്കൻ കുളം സ്വദേശി ചന്ദ്രൻ, പ്രകാശ്, പഴനി പലാർ ഡാം സ്വദേശി അയ്യപ്പൻ എന്നിവരെയാണ് പിടികൂടിയത്. പ്രദേശവാസിയായ ചാർലസ് ഓടി രക്ഷപ്പെട്ടു.

മധുരയിൽ നിന്നെത്തിയവരാണ് കൊമ്പ് എത്തിച്ചത്. മലയാളികളായ അരുവരും കൊമ്പുകൾ വാങ്ങാന്‍ എത്തിയവരാണ്. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് വാങ്ങാന്‍‌ എത്തിയത് വ്യാജ കൊമ്പുകളാണെന്ന് ഇവര്‍ അറിഞ്ഞത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K