17 July, 2022 06:51:57 AM
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദങ്ങളുടെ പ്രഭാവത്താൽ സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു കിഴക്കൻ അറബികടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദമായി ഒമാൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്ത് മറ്റൊരു ന്യൂനമർദവും നിലനിൽക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായി തുടരുകയാണ്. ജൂലൈ 17 മുതൽ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാനാണു സാധ്യത. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്രവരെ ന്യൂന മർദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ അറബിക്കടലിന്റെ മധ്യ, തെക്ക് ഭാഗങ്ങളിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.