15 July, 2022 02:22:31 PM


'എങ്ങനെ കഴിയുന്നു മണിയാശാനേ ഇങ്ങനെയൊക്കെ പറയാൻ? ദൈവ ശിക്ഷ ഉണ്ടാകും' - പി സി ജോർജ്



കോട്ടയം: വടകര എംഎൽഎ കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ ഉടുമ്പൻചോല എംഎൽഎ എം എം മണിയെ വിമർശിച്ച് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. 'ജീവിത പോരാട്ടങ്ങളുടെ കനൽ ചൂടിൽ നിന്നും ഉദിച്ചുയർന്ന് കേരള നിയമസഭയിലെത്തിയ ആ സ്ത്രീ സീതാദേവിയ്ക്ക് തുല്യയാണ്. അവരുടെ മുഖത്തുനോക്കി വിധവ എന്ന് വിളിക്കാൻ.. അതിന് കാരണക്കാരായ നിങ്ങൾ തന്നെ അത് വിളിക്കുമ്പോൾ എനിക്ക് ഒന്നേ ചോദിക്കാൻ കഴിയുന്നുള്ളൂ നിങ്ങൾക്ക് ഇത് എങ്ങനെ കഴിയുന്നു ?' - പി സി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. 

സിനിമാ സംഘടനയിലെ സ്ത്രീകളെ കണ്ടാൽ മാത്രമേ സ്ത്രീകളായി കണക്കാക്കുകയുള്ളോ, അതോ രമ സ്ത്രീ വർഗ്ഗത്തിൽപ്പെട്ട ആളല്ല എന്നാണോ നിങ്ങളുടെ നിഗമനമെന്നും പി സി ജോർജ് ചോദിക്കുന്നു.

പി സി ജോർജിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം



"എങ്ങനെ കഴിയുന്നു മണിയാശാനേ നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ.……?
ടി.പി. വധത്തോട് അനുബന്ധിച്ച് കേരളത്തിൽ നടന്ന കോലാഹലങ്ങളെ വഴിതിരിച്ചുവിടാൻ അന്ന്...' ഞങ്ങൾ വെട്ടി കൊന്നിട്ടുണ്ട്, വെടിവെച്ചു കൊന്നിട്ടുണ്ട്, ബോംബ് എറിഞ്ഞ് കൊന്നിട്ടുണ്ട് ' എന്ന് വിവാദ പ്രസ്താവന നടത്തി കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണ നേരിട്ട വ്യക്തിയാണ് താങ്കൾ.

ജീവിത പോരാട്ടങ്ങളുടെ കനൽചൂടിൽ നിന്നും ഉദിച്ചുയർന്ന് കേരള നിയമസഭയിലെത്തിയ ആ സ്ത്രീ സീതാദേവിയ്ക്ക് തുല്യയാണ്. അവരുടെ മുഖത്തുനോക്കി വിധവ എന്ന് വിളിക്കാൻ.. അതിന് കാരണക്കാരായ നിങ്ങൾ തന്നെ അത് വിളിക്കുമ്പോൾ എനിക്ക് ഒന്നേ ചോദിക്കാൻ കഴിയുന്നുള്ളൂ നിങ്ങൾക്ക് ഇത് എങ്ങനെ കഴിയുന്നു ?

സ്ത്രീ ശാക്തീകരണം, എന്നും സ്ത്രീ സമത്വം എന്നും പറഞ്ഞ് സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തുന്നു എന്ന് പ്രതീതി സൃഷ്ടിക്കുന്ന നിങ്ങൾക്ക് സിനിമാ സംഘടനയിലെ സ്ത്രീകളെ കണ്ടാൽ മാത്രമേ സ്ത്രീകളായി കണക്കാക്കുകയുള്ളോ, അതോ രമ സ്ത്രീ വർഗ്ഗത്തിൽപ്പെട്ട ആളല്ല എന്നാണോ നിങ്ങളുടെ നിഗമനം. നിങ്ങളും നിങ്ങളുടെ പ്രസ്ഥാനവും കാലഹരണപ്പെട്ടു കഴിഞ്ഞു. കാലത്തിന്‍റെ യവനികക്കുള്ളിൽ നിങ്ങളുടെ പ്രസ്ഥാനം മറയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അതിന്‍റെ സൂചനകളാണ് നിങ്ങൾ ഇപ്പോൾ ഈ കാണിച്ചു കൂട്ടുന്നത്.

മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ എന്നും പിണറായിയുടെ ആയുധമായിരുന്നു താങ്കൾ. അതാണ് ലക്ഷ്യമെങ്കിൽ പോലും ഈ പറഞ്ഞത് കടുത്തു പോയി ശ്രീ.എം എം മണി. ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന നിങ്ങളോട് ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ഞാൻ പറയുന്നു ഇതിനുള്ള ദൈവ ശിക്ഷ നിങ്ങൾക്ക് ഉണ്ടാകും. അത് ജനവിധിയിലൂടെ ആണെങ്കിൽ അങ്ങനെ, അല്ലാതാണെങ്കിൽ അങ്ങനെ..."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K