15 July, 2022 11:47:44 AM


'രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണം?'; പരാമര്‍ശത്തിൽ ഖേദമില്ല - എം.എം മണി



തിരുവനന്തപുരം: കെ കെ രമയ്‌ക്കെതിരെ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി എം എം മണി. രമയ്‌ക്കെതിരായ പരാമർശത്തിൽ ഖേദമില്ല. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയിൽ അവർ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്‍റെ കൂട്ടത്തിൽ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമർശം. രമയ്ക്ക് സഭയിൽ പ്രത്യേക പദവി ഒന്നുമില്ല. അപ്പോൾ വായിൽ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമർശത്തിൽ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു.

തന്‍റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ താൻ എന്ത് വേണമെന്നായിരുന്നു വാ‍ര്‍ത്താ സമ്മേളനത്തിന്‍റെ ഒരു ഘട്ടത്തിൽ മണി പ്രതികരിച്ചത്.  ഒരു വർഷം നാല് മാസമായി കെ കെ രമ കഴിഞ്ഞ മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണ്. മുഖ്യമന്ത്രിയെ കൊലയാളി എന്ന് വരെ വിളിച്ചു. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര് സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രതിപക്ഷം പ്രത്യേകം സമയം അനുവദിച്ചു. അത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം.

ടിപി വധക്കേസിൽ ഞങ്ങൾക്ക് പങ്കില്ലെന്നത് ശരിയാണ്. പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കെ കെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ല. ഇന്നലത്തെ പരാമർശം സിഎം പറഞ്ഞിട്ടല്ല .  വേദനിപ്പിക്കണം എന്നു ഉദ്ദേശിച്ചില്ല. പക്ഷേ തിരുത്തില്ലെന്നും മണി ആവ‍ര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയിൽ ബഹളം തുടര്‍ന്നു. എം എം മണി മാപ്പ് പറയണമെന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിച്ചു. ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്‍റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K