14 July, 2022 10:07:06 PM
'വിധവയായത് അവരുടെ വിധി'; കെ കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ച് എം എം മണി
തിരുവനന്തപുരം: കെ കെ രമ എംഎൽഎയ്ക്കെതിരെ വ്യക്തിഅധിക്ഷേപം നടത്തി എംഎം മണി എംഎൽഎ. 'ഇപ്പോൾ ഒരു മഹതി മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രസംഗിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടേതായ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല' എന്നായിരുന്നു നിയമസഭയിൽ മണിയുടെ പരാമർശം. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച് രമ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് മണിയുടെ അധിക്ഷേപം.
മണിയുടെ പ്രസ്താവനയിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ല. മുദ്രാവാക്യം വിളിച്ച് തോല്‍പ്പിക്കേണ്ട, താനും കുറേ മുദ്രാവാക്യം വിളിച്ചതാണെന്നും എംഎം മണി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയിൽ മണി പ്രസംഗം തുടർന്നു. മണി മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരെയും അപമാനിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തിൽ തോന്നിയത് പറഞ്ഞതാണെന്നുമാണ് മണിയുടെ വാദം.
എംഎം മണിയുടേത് നിന്ദ്യവും ക്രൂരവുമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഈ സഭയിലെ സഹോദരിക്കു നേരെയുണ്ടായ ക്രൂരമായ പരാമർശമാണ്. സഭയിൽ ഒറ്റപ്പെട്ടു വന്ന ഒരു മഹതിയെ അപമാനിക്കുന്നത് ശരിയല്ല. മണി മാപ്പു പറയണം. മാപ്പു പറയാതെ ഒരു കോംപ്രമൈസും ഇല്ലെന്നും സതീശൻ വ്യക്തമാക്കി.
രമയെ വേട്ടയാടുകയാണ്. രക്തം കുടിച്ച് സിപിഎമ്മിന് മതിയായില്ല. അഹങ്കാരവും ധിക്കാരവും പാരമ്യത്തിലെത്തി. പരാമർശം പിൻവലിക്കാൻ മണിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. സഭാ രേഖയിൽ നിന്ന് നീക്കണമെന്നു പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല - സതീശൻ പറഞ്ഞു.
രക്തസാക്ഷിയെ ഇങ്ങനെ പറയാന്‍ പറ്റില്ല. പ്രസ്താവന പിന്‍വലിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍ രക്തസാക്ഷിയല്ലേ. പ്രസ്താവന പിന്‍വലിക്കണം. അത് പിന്‍വലിക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും തിരിവഞ്ചൂർ പറഞ്ഞു. കുലംകുത്തിയെന്ന് ചന്ദ്രശേഖരനെ പറഞ്ഞ കൊലയാളികളെ പിന്തുണച്ച മുഖ്യമന്ത്രിയിൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, എം.എം മണി നടത്തിയ പ്രസംഗത്തിൽ തെറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിധവയായതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് മണി പറഞ്ഞത്. മഹതിയെന്നു വിളിച്ചതിലും അപകീർത്തികരമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്തെ കാര്യമാണ് പറഞ്ഞത്. അതിലെന്താണ് തെറ്റായിട്ടുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.