14 July, 2022 09:45:10 PM


ബാങ്ക് വായ്പ തള്ളിയപ്പോള്‍ ഒരു സുന്ദരഭവനം വാശിക്ക് പണിതു; ഇപ്പോള്‍ വായ്പയുമായി ബാങ്ക് പിന്നാലെ



പാലക്കാട്: എല്ലാ രേഖകളും പൂര്‍ത്തിയായ ശേഷം നിസാരകാരണം പറഞ്ഞ് ബാങ്ക് വായ്പ നിരസിച്ചപ്പോള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് അധ്യാപകനായ യുവാവ്. ഇദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ശമ്പളസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകളെല്ലാം വക്കീലിന്‍റെ നോട്ടത്തില്‍ പോലും ശരിയായിട്ടും വാല്യൂവർ വന്നു നോക്കിയ ശേഷം നിസ്സാര കാരണം പറഞ്ഞാണ് വീട് വെയ്ക്കാനുള്ള വായ്പ സ്റ്റേറ്റ് ബാങ്ക് നിരസിച്ചത്. ഇലയിട്ടിട്ട് ചോറില്ല എന്ന രീതിയിലുള്ള ബാങ്കിനോടുള്ള വെല്ലുവിളി ഏറ്റെടുത്ത് ഇദ്ദേഹം പണിതു രണ്ടുനിലകളിലുള്ള സുന്ദരമായൊരു വീട്. അതും കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും മറ്റും ഉപയോഗിച്ച്. പുതിയ വീട്ടില്‍ താമസം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ വായ്പ വേണോ എന്ന് ചോദിച്ച് ബാങ്ക് പിന്നാലെ നടക്കുകയാണത്രേ.

അധ്യാപകനായ ഒറ്റപ്പാലം സ്വദേശി സുധീര്‍ കലക്കാട്ടില്‍ ഫേസ് ബുക്കിലൂടെണ് ഈ വിവരം പങ്കുവെച്ചത്. അദ്ദേഹത്തിന്‍റെ പേസ് ബുക്ക് പോസ്റ്റ് ചുവടെ.




"സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നന്ദി. ലോണില്ലാതെ വീടുപണി പൂർത്തിയാക്കാൻ പ്രചോദനം നൽകിയതിന്.
എന്‍റെയും ഭാര്യയുടെയും ശമ്പള സർട്ടിഫിക്കറ്റ് വെച്ചിട്ടും എല്ലാ പേപ്പറും വക്കീലിന്‍റെ ഓഫീസിൽ നിന്നും ശരിയായ ശേഷം വാല്യൂവർ വന്നു നോക്കിയ ശേഷം നിസ്സാര കാരണം പറഞ്ഞ് ലോൺ നിഷേധിച്ച സ്റ്റേറ്റ് ബാങ്കിന് നന്ദി. നിങ്ങളോടുള്ള വാശിക്ക് കയ്യിലുണ്ടായിരുന്ന സ്വർണവും മറ്റും ഉപയോഗിച്ച് കണ്ടെത്തിയ പണം കൊണ്ടും മറ്റും പൂർത്തിയാക്കിയ പുതിയ വീട്ടിൽ ഒരു വർഷം പൂർത്തിയാക്കി.
ഇന്നലെയും സ്റ്റേറ്റ് ബാങ്കിന്‍റെ റീജിയണൽ ഓഫീസിൽ നിന്നും വിളിച്ചിരുന്നു. ലോൺ വേണോ എന്നു ചോദിച്ചു കൊണ്ട്. ആ അപേക്ഷ കേട്ട് വേണ്ട എന്ന് ആത്മവിശ്വാസത്തോടെ നിരസിക്കുമ്പോൾ ഒരു പ്രത്യേക സുഖം. 
© Sudhir Kalakkattil"


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K