14 July, 2022 05:48:18 PM
കോവിഡ് കരുതൽ വാക്സിനേഷൻ നാളെ മുതൽ; കോട്ടയം ജില്ലയിൽ അഞ്ചു കേന്ദ്രങ്ങൾ
കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി 18 വയസിനു മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി നൽകുന്ന കോവിഡ് കരുതൽ ഡോസ് വാക്സിനേഷൻ നാളെ (ജൂലൈ 15) മുതൽ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കോട്ടയം സെന്റ് ലാസറസ് പള്ളി ഹാൾ, ചങ്ങനാശേരി, പാലാ, കാഞ്ഞിപ്പള്ളി, ജനറൽ ആശുപത്രികൾ, വൈക്കം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സൗകര്യം.
രണ്ടാം ഡോസ് വാക്സിൻ എടുത്തശേഷം ആറു മാസം പൂർത്തിയാക്കിയവക്കാണ് കരുതൽ ഡോസ് സ്വീകരിക്കാൻ കഴിയുക. തിങ്കളാഴ്ച മുതൽ കൂടുതൽ വാക്സിൻ എത്തുന്നതോടെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബർ 30 വരെ സർക്കാർ കേന്ദ്രങ്ങളിൽ കരുതൽ ഡോസ് സൗജന്യമായി നൽകാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലയിൽ ഈ വിഭാഗത്തിലുള്ള 15.62 ലക്ഷം പേർക്കാണ് വാക്സിൻ നൽകേണ്ടി വരുക. ഇതിൽ 1.56 ലക്ഷം പേർ ഇതിനോടകം കരുതൽ ഡോസ് സ്വീകരിച്ചു കഴിഞ്ഞു.