12 July, 2022 09:00:48 PM
ഗൂഗിൾ മാപ്പ് ചതിച്ചു: കുടുംബം പാതിരക്ക് ചെന്നെത്തിയത് പാടത്ത്; വാഹനം കയറിട്ടു വലിച്ചു കയറ്റി
മലപ്പുറം : പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്കായിരുന്നു തിരൂർ സ്വദേശിയുടെ കുടുംബസമേതമുള്ള യാത്ര. എട്ട് കിലോമീറ്റർ മാത്രമുള്ള ദൂരം ഗൂഗിൾ മാപ്പ് ഉപയോഗിച്ചായിരുന്നു സഞ്ചാരം. എന്നാൽ ഗൂഗിൾ മാപ്പ് വഴി ഇവർ എത്തിപ്പെട്ടത് പാലച്ചിറയിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. പിന്നെ വഴി അവസാനിച്ചു. മുന്നിൽ ആകെയുണ്ടായിരുന്നത് വെള്ളക്കെട്ട് നിറഞ്ഞ പാടം മാത്രം.
രാത്രി സമയം ആൾ പാർപ്പില്ലാത്ത സ്ഥലത്ത് നിന്ന് ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. തുടർന്ന് കാർ ഉപേക്ഷിച്ച് റോഡിലേക്ക് തിരിച്ച് നടന്നു വന്ന് മറ്റൊരു വാഹനം വരുത്തി യാത്ര തുടർന്നു. പിറ്റേന്ന് രാവിലെ പ്രദേശവാസികൾ ചേർന്ന് പ്രയാസപ്പെട്ടാണ് കാർ റോഡിലേക്ക് എത്തിച്ചത്. വടം ഉപയോഗിച്ച് വാഹനത്തിൽ കെട്ടി വലിച്ചു കയറ്റിയത്.
സമാന സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണറിൽ കേരളം സന്ദർശിക്കാനെത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികൾ തോട്ടിലേക്ക് പതിച്ചിരുന്നു. കഴിഞ്ഞ മെയ്യിൽ കുറുപ്പന്തറയിലാണ് സംഭവം. കുറപ്പന്തറ – കല്ലറ റോഡിൽ കുറുപ്പന്തറ കടവ് തോട്ടിലേക്കാണ് കാർ വീണത്.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തിയതായിരുന്നു വിനോദസഞ്ചാരികളുടെ കുടുംബം. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ഇവർ. ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴികൾക്കായി അവർ ഗൂഗിൾ മാപ്പ് പിന്തുടരുകയായിരുന്നു. വാഹനം കുറുപ്പന്തറ കടവിൽ എത്തിയപ്പോൾ നേരെ പോകാൻ മാപ്പ് നിർദേശിച്ചു. ഡ്രൈവർ നിർദേശം പാലിച്ചതോടെ കാർ തോട്ടിലേക്ക് ഇറങ്ങുകയായിരുന്നു.
ഡ്രൈവറെ തടയാൻ നാട്ടുകാർ നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് മഴ പെയ്തതിനാൽ തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. സംഭവം കണ്ടു നിന്ന നാട്ടുകാർ ഓടിയെത്തി വാതിൽ തുറന്ന് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു കാർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതായും നാട്ടുകാർ പറഞ്ഞു.