10 July, 2022 03:48:53 PM
''ചെറിയൊരു കല്ലിനും അതിന്‍റെ വിലയുണ്ട് സാര്‍''; ബിഗ് ബോസ് താരത്തിന്‍റെ രക്ഷകനായി ആ കല്ല്
- സുനിൽ പാലാ
പാലാ: ''ചെറിയൊരു കല്ലിനുപോലും അതിന്റേതായ വിലയുണ്ട് സാര്‍''. നാളുകള്‍ക്ക് മുമ്പ് "ബിഗ്‌ബോസില്‍" താന്‍ പറഞ്ഞ വലിയ കാര്യത്തിൻ്റെ നേർ സാക്ഷ്യമായി ജീവന്‍ തിരികെ പിടിച്ച് ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍. പ്രേക്ഷകര്‍ ആരാധിക്കുന്ന ബിഗ്‌ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ ഇന്നലെ പാലാ - തൊടുപുഴ റൂട്ടില്‍ കുറിഞ്ഞി തേക്കുങ്കല്‍ വളവിലെ അപകടത്തില്‍ നിന്ന് കൊക്കയില്‍ വീഴാതെ അത്ഭുതകരമായാണ് രക്ഷപെട്ടത്.
''ബിഗ്‌ബോസ്'' വീട്ടില്‍ മോഹന്‍ലാലിനോടും പ്രേക്ഷകരോടുമായി സംസാരിക്കവെയാണ് ചെറിയൊരു കല്ലിന്റെ മൂല്യത്തെക്കുറിച്ച് നാളുകള്‍ക്ക് മുമ്പ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ വാചാലനായത്. ഇന്നലെ തേക്കുങ്കല്‍ വളവില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടപ്പോള്‍ കൊക്കയിലേക്ക് മറിയാതെ തങ്ങിനിന്നതും ചെറിയൊരു ഉണ്ടക്കല്ലില്‍ത്തന്നെ. ആ കല്ലില്‍ തങ്ങിനിന്നില്ലായിരുന്നെങ്കില്‍ ഇരുപതടിയോളം താഴ്ചയിലേക്ക് ഡോ. റോബിന്റെ കാര്‍ കൂപ്പുകുത്തിയേനെ.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തൊടുപുഴയില്‍ ഒരു ഉദ്ഘാടന പരിപാടിക്ക് പോവുകയായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ തേക്കുങ്കല്‍ വളവില്‍ നിയന്ത്രണം വിടുകയായിരുന്നു. താഴെയുള്ള റബര്‍ തോട്ടത്തിലേക്ക് കാര്‍ മറിയേണ്ടതായിരുന്നുവെങ്കിലും മുന്‍ചക്രം ഒരു കല്ലില്‍ തട്ടി നിന്നതിനാല്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു. ഡോ. റോബിന്‍ രാധാകൃഷ്ണനും വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും പരിക്കൊന്നും ഇല്ല.
"ഞാൻ വിചാരിച്ചൂ, എല്ലാം തീര്‍ന്നെന്ന്. പാളിപ്പോയ കാര്‍ ഒരു നിമിഷത്തിന്റെ നെല്ലിടയിലാണ് ആ ഉണ്ടക്കല്ലില്‍ തട്ടിനിന്നത്''. പിന്നീട് ഡോ. റോബിന്‍ പറഞ്ഞു.
ഡോ. റോബിന് അപകടം ഉണ്ടായതറിഞ്ഞ് നിരവധി ആരാധകരാണ് ആശങ്കയോടെ പത്രം ഓഫീസുകളിലേക്കും രാമപുരം പോലീസ് സ്റ്റേഷനിലേക്കുമൊക്കെ വിളിച്ചത്. മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ മികച്ച മത്സരാര്‍ത്ഥിയും അനേകം ഫാന്‍ ഫോളോവേഴ്സുമുള്ള താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. നൂറ് ദിവസം ബിഗ്ബോസ് വീട്ടില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അനേകം ആരാധകരെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
തേക്കുങ്കല്‍ വളവില്‍ തുടര്‍ അപകടങ്ങൾ
കുറിഞ്ഞി തേക്കുങ്കല്‍ വളവ് സ്ഥിരം അപകട മേഖലയാണ്. കഴിഞ്ഞ പത്തു മാസത്തിനിടെ ആറ് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 17 ന് ഉണ്ടായ അപകടത്തി റോഡില്‍ നിന്ന് തെറിച്ചുവീണ കാര്‍ തേക്കുങ്കല്‍ സലിയുടെ വീടിന്റെ ബാത്ത് റൂം പാടെ തകര്‍ത്തു. വീടിനും അന്ന് സാരമായ കേടുപാടുകള്‍ ഉണ്ടായി. ഇത്തവണയും സലിയുടെ പുരയിടത്തിലേക്കാണ് കാര്‍ ചെരിഞ്ഞു നിന്നത്. വീടിന് തൊട്ട് മുകളിലുള്ള കയ്യാലയോട് ചേര്‍ന്ന് വലിയ കല്ലുകള്‍ ഇട്ടിരുന്നതില്‍ തട്ടി ഇത്തവണ കാര്‍ നില്‍ക്കുകയായിരുന്നു.
തേക്കുങ്കല്‍ വളവില്‍ ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെ സുരക്ഷ സംവിധാനങ്ങളും അപകട സൂചക സിഗ്നലുകളും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നിനും നടപടിയായില്ല.