10 July, 2022 01:42:40 PM
പ്രതിയില്ല: ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കുന്നു; പൊലീസിനെ സംശയിച്ച് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെആശ്രമം കത്തിച്ച കേസില്‍ അന്വേഷണം മതിയാക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നുമില്ല. ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്.
ആശ്രമത്തിന് മുന്നിൽ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറു മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി അടക്കമുള്ളവർ നേരിട്ടെത്തിയാണ് അന്വേഷിച്ചത്.
അന്വേഷണം തുടങ്ങിയിട്ട് 3 വർഷവും 8 മാസവുമായിട്ടും അവ്യക്തത തുടരുകയാണ്. അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല. ഏതാനും ചില കാര്യങ്ങൾ കൂടി പരിശോധിച്ച് തെളിവുകൾ ലഭിച്ചില്ലെങ്കിൽ കേസ് അവസാനിപ്പിക്കാനാണു തീരുമാനം. ആദ്യഘട്ട അന്വേഷണം തെറ്റിയെന്നാണു വിലയിരുത്തൽ.
കേസ് ആദ്യം സിറ്റി പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആശ്രമത്തിലെ സിസിടിവി പ്രവർത്തന രഹിതമായിരുന്നു. പിന്നീട് പൊലീസ് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും അത് പുറത്ത് വിട്ടില്ല. ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ സന്ദീപാനന്ദഗിരി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഈ വൈരാഗ്യത്തിന്റെ പേരിൽ സംഘപരിവാർ സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു ആരോപണം. എന്നാൽ പ്രതികളെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചില്ല.
അതേസമയം, സംഭവത്തിൽ പൊലീസിനെ സംശയിച്ച് സന്ദീപാനന്ദ ഗിരി രംഗത്തെത്തി. പൊലീസ് തെളിവു നശിപ്പിച്ചെന്നു സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. അന്വേഷണം അവസാനിപ്പിക്കുന്നതു ഖേദകരമാണ്. പൊലീസിൽ സംഘപരിവാർ ബന്ധമുള്ളവരുണ്ടെന്നും ആശ്രമത്തിന് തീയിട്ടത് താനാണെന്ന് വരുത്തി തീർക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും സന്ദീപാനന്ദഗിരി ആരോപിച്ചു.