06 July, 2022 01:18:29 PM
സഭാനടപടികൾ റദ്ദാക്കിയതിനെതിരെ സ്പീക്കറെ കണ്ട് പ്രതിപക്ഷം; ഗവർണറെയും കാണും
തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് പ്രതിപക്ഷം സ്പീക്കര്‍ എം.ബി.രാജേഷിനെ കണ്ടത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയോ സഭാനടപടികള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രതിഷേധിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കിയതിനെതിരെയാണ് പ്രതിഷേധം അറിയിച്ചത്.
ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന് എങ്ങനെ നിയമസഭയില്‍ തുടരും എന്ന ചോദ്യവും സ്പീക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം ഉയര്‍ത്തി. സഭാ ടിവിക്കെതിരെയും പ്രതിപക്ഷം പരാതി നല്കി. സഭയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നതുള്പ്പടെയുള്ള ദൃശ്യങ്ങള്‍ സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ഭരണഘടനയ്ക്കെതിരായ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കാണും. മന്ത്രിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.