05 July, 2022 05:43:24 PM
സജി ചെറിയാന്റെ വിവാദ പ്രസ്താവന; മുഖ്യമന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ടു മന്ത്രി സജി ചെറിയാനോടു മുഖ്യമന്ത്രി വിശദീകരണം തേടി. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നും മന്ത്രി മുഖ്യമന്ത്രിക്കു മറുപടി നൽകി. അതേസമയം, വിഷയത്തിൽ ഗവർണർ ഇടപെട്ടിരുന്നു. മന്ത്രിയുടെ പ്രസ്താവനയുടെ വിശദാംശങ്ങള്‍ നല്കാന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടു.
കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്നുൾപ്പടെയുള്ള ഗുരുതര പ്രസ്താവനകളാണ് മന്ത്രി സജി ചെറിയാൻ നടത്തിയത്. മല്ലപ്പള്ളിയിൽ സിപിഎമ്മിന്റെ പരിപാടിയിലായിരുന്നു ഭരണഘടനയെ പുച്ഛിച്ചു മന്ത്രി സംസാരിച്ചത്.
മന്ത്രിയുടെ വാക്കുകൾ: മനോഹര ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നാണ് പറച്ചിൽ. എന്നാൽ, ഞാൻ പറയും, ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞത് ഇന്ത്യക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്തു കഴിഞ്ഞ 75 വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആള് പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഏറ്റവും കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്.
മുക്കിലും മൂലയിലും കുറച്ചു ഗുണങ്ങൾ, മതേതരത്വം ജനാധിപത്യം കുന്തംകൊടചക്രമൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടന. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഭരണഘടനയാണ് ഇന്ത്യയിലേതെന്നും മന്ത്രി പറഞ്ഞു.