04 July, 2022 07:54:45 PM
എകെജി സെന്റർ പോലും സംരക്ഷിക്കാൻ സർക്കാരിന് കഴിവില്ലേ; പരിഹസിച്ച് സതീശൻ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ സംഭവത്തെക്കുറിച്ച് നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചര്ച്ചയില് പോലീസിനും ആഭ്യന്തരവകുപ്പിനും എതിരേ രൂക്ഷവിമര്ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വന്തം പാര്ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം ഭരണപക്ഷം ആഘോഷമാക്കി മാറ്റുന്നത് ഭയംകൊണ്ടാണ്. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന്റെ പേരിൽ സംസ്ഥാനത്തെ കോണ്ഗ്രസ് ഓഫീസുകള്ക്കു നേരെ വ്യാപക ആക്രമണമാണ് സിപിഎം പ്രവർത്തകർ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദ്യം മുഖ്യമന്ത്രിയെ വിമാനത്തില്വച്ച് ആക്രമിക്കാന് ശ്രമിച്ചെന്നാരോപിച്ച് കെപിസിസി ഓഫീസ് അടക്കമുള്ള പാര്ട്ടി ഓഫീസുകള് ആക്രമിച്ചു. ഓഫീസുകള്ക്കു നേരെ ബോംബെറിഞ്ഞു. പിന്നീട് രാഹുല് ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു. പിന്നെയാണ് എകെജി സെന്റർ ആക്രമിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് ഓഫീസുകൾ തകർത്തത്.
തന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയ ഡിവൈഎഫ്ഐ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിന് കൈമാറി. പക്ഷേ, അവരെ സ്റ്റേഷൻ ജാമ്യത്തിൽ പോലീസ് വിട്ടയയ്ക്കുകയാണ് ചെയ്തത്. എകെജി സെന്റർ ആക്രമണത്തിന് തൊട്ടുപിന്നാലെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഉത്തരവാദിത്വം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് അദ്ദേഹത്തിന് എവിടെ നിന്ന് വിവരം കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
താനും കെപിസിസി അധ്യക്ഷനും പുറത്തിറങ്ങി നടക്കില്ലെന്നാണ് എച്ച്.സലാം എംഎൽഎ പറഞ്ഞത്. അദ്ദേഹത്തിനെതിരേ പോലീസ് കേസെടുത്തില്ല. സർക്കാർ കേസെടുക്കില്ലെന്ന് മനസിലായതോടെ കൂടുതൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി എംഎൽഎയും സംഘവും കഴിഞ്ഞ ദിവസം പ്രകടനം നടത്തി. എസ്ഡിപിഐയുടെ മുദ്യാവാക്യവും സലാമിന്റെ മുദ്രാവാക്യവും തമ്മിൽ എന്ത് വ്യത്യാസമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
എകെജി സെന്റർ പോലീസ് സുരക്ഷയുണ്ടായിരുന്ന സ്ഥലമാണ്. ആക്രമണത്തിന് തൊട്ടുമുൻപ് പാർട്ടി ഓഫീസിന് മുന്നിൽ കിടന്ന പോലീസ് ജീപ്പ് അപ്രത്യക്ഷമായി. ഈ ജീപ്പ് എവിടെ പോയെന്ന് വ്യക്തമാക്കണം. കർശന സുരക്ഷയുണ്ടായിരുന്ന പ്രദേശത്ത് നിന്നും ബോംബ് എറിഞ്ഞയാൾ എങ്ങനെ രക്ഷപെട്ടുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കോട്ടയം ഡിസിസി ഓഫീസ് ആക്രമിക്കപെട്ടപ്പോള് പോലീസ് നോക്കിനിൽക്കുയായിരുന്നു. മുൻപ് പോലീസ് സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥന്റെ തൊപ്പി തലയിൽ വച്ച് വിവാദത്തിലായ ആളാണ് ഡിസിസി ഓഫീസ് ആക്രമണത്തിന് പിന്നിലെന്നും സതീശൻ പറഞ്ഞു.