02 July, 2022 12:00:55 PM
മെഡിസെപ്: ഇതുവരെ എംപാനൽ ചെയ്തിട്ടുള്ളത് 240 ആശുപത്രികൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ നടപ്പിലാക്കുന്ന മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഇതുവരെ എംപാനൽ ചെയ്തിട്ടുള്ളത് 240 ആശുപത്രികളാണ്. കൂടുതൽ ആശുപത്രികളുമായി ചർച്ച നടത്തിവരികയാണെന്നും കൂടുതൽ ആശുപത്രികൾ പുതിയ പട്ടികയിലേക്കു വരുമെന്നും അധികൃതർ അറിയിച്ചു.
നിലവിൽ ഏറ്റവും കൂടുതൽ എംപാനൽഡ് ആശുപത്രികളുള്ളത് എറണാകുളം ജില്ലയിലാണ്; 35 എണ്ണം. മലപ്പുറം-34, കോഴിക്കോട്-26, കാസർഗോഡ്-ഏഴ്, കണ്ണൂർ-11, പാലക്കാട്-10, വയനാട്-അഞ്ച്, ഇടുക്കി-ആറ്, കോട്ടയം-12, തൃശൂർ-18, ആലപ്പുഴ-15, കൊല്ലം-22, പത്തനംതിട്ട-15, തിരുവനന്തപുരം-24 എന്നിങ്ങനെയാണ് നിലവിലെ പട്ടികയിൽ ആശുപത്രികളുടെ എണ്ണം. കേരളത്തിനു പുറത്ത് തമിഴ്നാട്ടിൽ 10 ആശുപത്രികളും ഡൽഹിയിലും മംഗലാപുരത്തും ഓരോ ആശുപത്രികൾ വീതവും മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും http:// www.medisep.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ മാർഗനിർദേശങ്ങൾക്ക് 18004250237 എന്ന ടോൾ ഫ്രീ നന്പറിൽ വിളിക്കാം.