27 June, 2022 07:04:08 PM
സ്വർണം ബിരിയണി ചെമ്പിൽ കൊണ്ടുവന്നത് അറിഞ്ഞത് മൊഴി കേട്ടപ്പോഴെന്ന് മുഖ്യമന്ത്രി; മറവി രോഗമെന്ന് സതീശന്‍
തിരുവനന്തപുരം: സ്വർണം ബിരിയണി ചെമ്പിൽ കൊണ്ടുവന്നുവെന്ന മൊഴി കേട്ടപ്പോഴാണ് താനും അതറിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതം. അതിലെനിക്ക് പൂര്ണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ സംഘർഷവും കലാപവും ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം നിയമസഭയിലും അതിന് ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ഫോട്ടോ തകർത്തത് എസ്.എഫ്.ഐ ക്കാരല്ല കോൺഗ്രസുകാരെന്നും മുഖ്യമന്ത്രി.
'ആരുടെ കുബുദ്ധിയാണ് ഇതിന് പിന്നിൽ. ഗോഡ്സേ ചെയ്തത് ഇവർ പ്രതീകമായി ചെയ്യുന്നു. ഇവർ ഗാന്ധി ശിഷ്യരോ?
ദേശാഭിമാനി ഓഫീസ് ആക്രമിച്ചതും കോൺഗ്രസുകാർ'. എന്നിട്ടും ഒരു നേതാവും തള്ളി പറയാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ കലാപക്കളമാക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ ഇവിടെ നടപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തു കേസിൽ ഒന്നുമില്ല. എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അത് ജനങ്ങളുടെ മുന്നിൽ വിലപ്പോവില്ല : മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് മറവി രോഗം - വി.ഡി.സതീശൻ
മുഖ്യമന്ത്രിക്ക് മറവി രോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വയനാട്ടിൽ ഗാന്ധി ഫോട്ടോ തകർത്തത് കോൺഗ്രസ് കാരെന്ന് അന്വേഷണം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിക്ക് എവിടുന്ന് വിവരം കിട്ടി എന്ന് വ്യക്തമാക്കണം. ഇനി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിഷ്പക്ഷമായി അന്വേഷിക്കാനാവുമോ?
മുൻകാല ചെയ്തികൾ മറന്നു പിണറായി ഇപ്പോൾ നല്ല പിള്ള ചമയുന്നു. മാധ്യമങ്ങളോട് കടക്കൂ പുറത്ത് എന്ന് പറഞ്ഞത് പിണറായിയല്ലേ? കേന്ദ്ര ഏജൻസികളെക്കുറിച്ച് കോൺഗ്രസിന് കേരളത്തിലും കേന്ദ്രത്തിലും ഒരേ നിലപാട് തന്നെ. സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണം ഇടറുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ.