27 June, 2022 10:30:59 AM
'പഴ്സനല്‍ സ്റ്റാഫിനെ മാറ്റിയത് ആക്രമണത്തില്‍ പങ്കാളിയായെന്ന് അറിഞ്ഞ ശേഷം' - കോടിയേരി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തില്‍ പങ്കാളിയായെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ടയാളെ ഒഴിവാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ അക്രമി സംഘത്തിലുണ്ടായിരുന്നത് മുന്‍ പഴ്‌സനല്‍ സ്റ്റാഫ് ആയിരുന്നെന്നായിരുന്നു മന്ത്രിയുടെ വാദം.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ സ്റ്റാഫില്‍പെട്ട എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് കെ.ആര്‍.അവിഷിത്തിനെ ജോലിക്ക് പതിവായി ഓഫീസിലെത്താത്ത കാരണത്താല്‍ ഒഴിവാക്കിയെന്നായിരുന്നു മന്ത്രി ശനിയാഴ്ച പറഞ്ഞത്. എന്നാല്‍ വയനാട് സംഭവത്തിന് പിന്നാലെയാണ് അവിഷിത്തിനെ പുറത്താക്കിയതെന്ന് കോടിയേരി വിശദീകരിച്ചു.
'അദ്ദേഹം കുറച്ചു നാളായി ഓഫിസില്‍ വരാറില്ല. അദ്ദേഹത്തെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് മന്ത്രി തന്നെ കൊടുത്തിട്ടുണ്ട്. ഒഴിവാക്കണം എന്നുള്ളത്. ഇപ്പോള്‍ ഈ സംഭവത്തില്‍ പങ്കാളിയാണെന്നറിഞ്ഞയുടനെ അയാളെ ആ പോസ്റ്റില്‍ നിന്ന് ഒഴിവാക്കി. പങ്കാളിയെന്നു പറഞ്ഞാല്‍, ആക്ഷേപം വന്നിട്ടുണ്ട് എന്നേയുള്ളൂ. ആക്ഷേപം വന്ന ശേഷമാണ് ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. സംഭവം വരുന്നതിന് മുന്‍പ് തന്നെ അയാള്‍ വേണ്ടത്ര ജോലിയ്ക്ക് വരുന്നില്ലെന്ന് മനസ്സിലാക്കിയതിനാല്‍ മാറ്റിനിര്‍ത്താന്‍ നോട്ട് കൊടുത്തിരുന്നു. അത് ഇതുമായി ബന്ധപ്പെട്ടതല്ല'. കോടിയേരി പറഞ്ഞു.
ഓഫിസില്‍ എത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഓഫിസില്‍ നിന്നു പൊതുഭരണ സെക്രട്ടറിക്ക് 23നു നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പുറത്താക്കിയ ഉത്തരവിലും പറഞ്ഞിരുന്നു. അവിഷിത്തിനെ മുന്‍കാല പ്രാബല്യത്തില്‍ ഈ മാസം 15നു പുറത്താക്കിയെന്നാണ് 25 നു വൈകിട്ട് ഉത്തരവിറക്കിയത്.