25 June, 2022 10:53:42 AM
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം;അന്വേഷണത്തിന് പ്രത്യേക സംഘം
കൽപ്പറ്റ : രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്ഐ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മാനന്തവാടി ഡിവൈഎസ്പി എ.പി.ചന്ദ്രനാണ് അന്വേഷണചുമതല. എഡിജിപി മനോജ് കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തെ വിപുലീകരിച്ചത്. കമ്പളക്കാട് സിഐ ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ട്.
രാഹുലിന്റെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച 19 എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് കല്പറ്റ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയും സിപിഎമ്മും രംഗത്തെത്തിയിരുന്നു.
എസ്എഫ്ഐ നേതൃത്വം അറിഞ്ഞുള്ള പ്രതിഷേധമായിരുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സമിതിയും പ്രതികരിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതിഷേധസൂചകമായി ഇന്ന് മൂന്നുമണിക്ക് 1000 പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. പ്രതിഷേധപരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉച്ചയ്ക്ക് യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.