21 June, 2022 01:30:25 PM


'വൃക്ക ഏറ്റുവാങ്ങാന്‍ ആശുപത്രി അധികൃതരുണ്ടായിരുന്നില്ല' - ആംബുലന്‍സ് ഡ്രൈവര്‍



തിരുവനന്തപുരം: താന്‍ വൃക്ക അടങ്ങിയ പെട്ടി തട്ടിപ്പറിച്ച് ഓടിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരാതി നല്‍കിയതില്‍ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍ദേവ്. വൃക്ക കൃത്യസമയത്ത് സ്ഥലത്ത് എത്തിച്ചെന്നും തന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് അരുണ്‍ ദേവിന്‍റെ വിശദീകരണം. വൃക്കയുമായി ഓടിക്കയറുമ്പോള്‍ തനിക്കൊപ്പം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരുണ്ടായിരുന്നു. ശരിയായ ഓപ്പറേഷന്‍ തീയറ്ററിലാണ് വൃക്കയെത്തിച്ചത്. ഡോക്ടര്‍മാര്‍ ആരും വൃക്ക ഏറ്റുവാങ്ങാന്‍ വന്നിരുന്നില്ല. തിയറ്ററിലുണ്ടായിരുന്ന മെയില്‍ നേഴ്‌സാണ് വൃക്ക ഏറ്റുവാങ്ങിയതെന്നും അരുണ്‍ ദേവ് ഒരു ചാനലിനോട് വ്യക്തമാക്കി.

അരുണ്‍ദേവിന്‍റെ വാക്കുകള്‍:

ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതിനാലാകാം കുറ്റം ഞങ്ങളുടെ മേല്‍ ചാര്‍ത്തുന്നത്. ആംബുലന്‍സ് ഓടിക്കുന്നവര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയിരിക്കാം. ഞങ്ങള്‍ ചെയ്തത് ഒരു പുണ്യപ്രവര്‍ത്തിയാണ്. ഒട്ടും വൈകാതെ വൃക്കയുമെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്‍റെ നിര്‍ദേശപ്രകാരം ഓടുകയായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനമായതിനാല്‍ എന്നെ സഹായിക്കാന്‍ അഞ്ചുപേരും ഒപ്പമുണ്ടായിരുന്നു. വൃക്ക തട്ടിപ്പറിച്ചുകൊണ്ട് എന്‍റെ വീട്ടിലേക്ക് ഓടുകയല്ല ചെയ്തത്. ഏറ്റുവാങ്ങാന്‍ ഡോക്ടര്‍മാരാരും ഇല്ലാതിരുന്നതിനാല്‍ തിയറ്ററിലേക്ക് ഒരു നിമിഷം പോലും വൈകാതെ കൊണ്ടുചെന്ന് എത്തിക്കുകയായിരുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K