20 June, 2022 04:02:41 PM


പത്താം ക്ലാസ് പരീക്ഷ ഒന്നിച്ചെഴുതി അച്ഛനും മകനും: അച്ഛന്‍ ജയിച്ചു; മകന്‍ തോറ്റു



പൂനെ: അച്ഛനും മകനും ഒന്നിച്ച് പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ അച്ഛന്‍ ജയിച്ചു, മകന്‍ തോറ്റു. മഹാരാഷ്ട്രയിലെ പൂനെയിലാണ് 42കാരനായ പിതാവ് തന്റെ പഠനം വീണ്ടും തുടങ്ങി മകനൊപ്പം പത്താം ക്ലാസ് ബോര്‍ഡ് എക്‌സാം എഴുതിയത്. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയില്‍ പത്താം ക്ലാസ് ഫലം പുറത്തുവന്നത്. 

ഭാസ്‌കര്‍ വാഗ്മേര്‍ എന്ന 43കാരന്‍ തന്റെ ഏഴാം ക്ലാസ് പഠനം നിര്‍ത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്ത് കുടുംബം പുലര്‍ത്തി തുടങ്ങിയത്. 30 വര്‍ഷങ്ങള്‍ക്കിപ്പുറം മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച ഭാസ്‌കര്‍ മകന്റെ കൂടെ പഠനം തുടങ്ങി. ഒടുവില്‍ പത്താംക്ലാസ് പരീക്ഷയുമെഴുതി. 'കുട്ടിക്കാലത്ത് പഠിക്കാന്‍ വളരെ താത്പര്യമുണ്ടായിരുന്നു എനിക്ക്. പക്ഷേ ചെറുപ്പത്തില്‍ കുടുംബത്തെ നോക്കേണ്ടി വന്നതിനാല്‍ പഠനം നിര്‍ത്തി ജോലിയില്‍ പ്രവേശിക്കേണ്ടിവന്നു. ഇന്നൊരു സ്വകാര്യ കമ്പനിയില്‍ ചെറിയ ജോലിയുണ്ട്'. ഭാസ്‌കര്‍ പറയുന്നു.

ജോലിക്ക് പോകുന്ന ദിവസങ്ങളിലും പഠിക്കാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനും ഭാസ്‌കര്‍ ശ്രദ്ധിച്ചു. മകനും തന്നെ സഹായിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അവന്‍ രണ്ട് പേപ്പറിന് തോറ്റു. അതില്‍ വിഷമമുണ്ട്. മകനെ തോറ്റ പേപ്പറുകള്‍ എഴുതിയെടുക്കാന്‍ സഹായിക്കുമെന്നും ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അച്ഛന്റെ ആഗ്രഹം പോലെ തന്നെ അദ്ദേഹത്തിന് പരീക്ഷയെഴുതാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും രണ്ട് പേപ്പറുകള്‍ കൂടി ക്ലിയര്‍ ചെയ്യുമെന്നും മകന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K