20 June, 2022 12:22:54 PM


ശുചീകരണ തൊഴിലാളി അമ്പതാം വയസ്സിൽ പത്താം ക്ലാസ് പാസായി; അതും ആദ്യ ശ്രമത്തില്‍



മുംബൈ: ആദ്യ ശ്രമത്തില്‍ തന്നെ പത്താം ക്ലാസ് പരീക്ഷ പാസായി അമ്പത് വയസ്സുകാരൻ. മഹാരാഷ്ട്രയിലെ കുഞ്ചിക്കോര്‍വ് മഷണ്ണ രാമപ്പ (50) എന്ന ശുചീകരണ തൊഴിലാളിയാണ് ഈ നേട്ടം കൈവരിച്ചത്. 2022ലെ മഹാരാഷ്ട്ര എസ്എസ്‌സി പരീക്ഷയില്‍ മികച്ച വിജയമാണ് രാമപ്പ കരസ്ഥമാക്കിയത്. മറാത്തി-54, ഹിന്ദി-57, ഇംഗ്ലീഷ്- 54, ഗണിതം-52, സയന്‍സ്-53, സോഷ്യല്‍ സയന്‍സ്-59 എന്നിങ്ങനെയാണ് രാമപ്പയുടെ മാർക്കുകൾ.

''എനിക്ക് 57% മാര്‍ക്ക് ലഭിച്ചു. ദിവസവും 3 മണിക്കൂര്‍ ഞാന്‍ പഠിക്കുമായിരുന്നു. എന്റെ മക്കള്‍ ബിരുദധാരികളാണ്. അതിനാല്‍ അവരും എന്നെ പഠനത്തില്‍ സഹായിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കാനാണ് അടുത്ത ആഗ്രഹം,'' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവേ രാമപ്പ പറഞ്ഞു. 

ബിഎംസിയുടെ സാനിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ബി വാര്‍ഡിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷനായാണ് ബിഎംസിയെ കണക്കാക്കുന്നത്. 20 വര്‍ഷത്തിലേറെയായി അദ്ദേഹം ബിഎംസിയില്‍ സ്വീപ്പറായി ജോലി ചെയ്യുകയാണ്.

പരീക്ഷയ്ക്ക് മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹം ധാരാവിയിലെ യൂണിവേഴ്‌സല്‍ നൈറ്റ് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നിരുന്നു. എല്ലാ ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞ് 7 മണി മുതല്‍ 8.30 വരെ ആയിരുന്നു ക്ലാസ്. കൂടുതല്‍ പഠിക്കണമെന്നാണ് രാമപ്പയുടെ ആഗ്രഹം. വിദ്യാഭ്യാസത്തെ കൂടുതല്‍ ഗൗരവകരമായി കാണാന്‍ ആളുകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐ അദ്ദേഹത്തിന്‍റെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 29,000ത്തിലധികം ലൈക്കുകളും ചിത്രത്തിന് ലഭിച്ചു. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K