17 June, 2022 10:29:11 AM


ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ പുസ്തക പ്രകാശനം: ജസ്റ്റിസ് സിറിയക് ജോസഫിനെ ചൊല്ലി തർക്കം



തിരുവനന്തപുരം: അഭയകേസില്‍ നിയമപോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ ആത്മകഥയുടെ പ്രകാശന വേദിയിൽ തര്‍ക്കം. അഭയ കേസിലെ ജസ്റ്റിസ് സിറിയക്ക് ജോസഫിൻ്റെ ഇടപെടലുകളെ ചൊല്ലിയാണ് സദസില്‍ വാദപ്രതിവാദം ഉണ്ടായത്. ജസ്റ്റിസ് സിറിയക്ക് ജോസഫ് കേസിൽ ഇടപെട്ടിട്ടില്ലെന്നും വ്യക്തിപരമായി താൻ ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നുമാണ് പി.ജെ.കുര്യൻ വേദിയിൽ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പി.ജെ കുര്യനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എഴുതിയതിൽ ഉറച്ച് നിൽക്കുന്നുവെന്നുമായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ പ്രതികരണം.

ദൈവത്തിന്‍റെ സ്വന്തം വക്കീൽ എന്ന പേരിലാണ് ജോമോൻ പുത്തൻ പുരയ്ക്കലിൻ്റെ പുസ്തകം ഇന്നലെ പ്രകാശനം ചെയ്തത്. അഭയകേസിൻ്റെ മുപ്പത് വർഷത്തെ പ്രതിസന്ധികളും പോരാട്ടവും പ്രധാന ചർച്ചയാവുന്ന പുസ്തകത്തിൽ  ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനാണ് പുസ്തകം പ്രകാശനം ചെയ്തത്. സിസ്റ്റർ ലൂസി കളപ്പുര ആദ്യ പ്രതി ഏറ്റുവാങ്ങി. ആത്മകഥയുടെ പ്രകാശന വേദിയിലായിരുന്നു കേസിലെ ഇടപെടലുകളെ ചൊല്ലിയുള്ള വാദപ്രതിവാദം.

ജസ്റ്റിസ് സിറിയക്ക് ജോസഫ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വിവരങ്ങൾ പുസ്തകത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എഴുതിയിട്ടുണ്ട്.  പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച കെ.ടി.ജലീൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലോകായുക്ത പദവി സിറിയക്ക് ജോസഫ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ജലീലിന്‍റെ ആരോപണങ്ങള്‍ തള്ളികളഞ്ഞ് പി.ജെ കുര്യന്‍ രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷൻ അംഗമായി ജ.സിറിയക്ക് ജോസഫിനെ പരിഗണിച്ചപ്പോൾ സെർച്ച് കമ്മിറ്റി അംഗമായിരുന്ന താൻ വ്യക്തിപരമായി ഇക്കാര്യം അന്വേഷിച്ചെന്നായിരുന്നു പി.ജെ.കുര്യൻ്റെ വാദം. തൊട്ടുപിന്നാലെ പി.ജെ.കുര്യൻ്റെ വാദങ്ങൾ തള്ളി ജോമോൻ പുത്തൻപുരയ്ക്കൽ തന്നെ വേദിയിൽ സംസാരിച്ചു.

1992 മാർച്ച് 27-ന് കോട്ടയത്തെ പയസ് ടെൻത്ത് കോണ്‍വെന്‍റില്‍ ഒരു കന്യാസ്ത്രീ മരിച്ചെന്ന വാര്‍ത്ത കേട്ടത് മുതൽ അഭയക്കേസ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത് വരെയുള്ള ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ഇതിനിടയിൽ ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളും ഒറ്റപ്പെടുത്തലുമെല്ലാം പുസ്തകത്തിൽ ജോമോൻ തുറന്നു പറയുന്നു. ആരോരുമില്ലാത ഒരു കേസിൽ ദൈവം വാദിയായി തന്നിലൂടെ പൂർണമായതെന്ന് ജോമോൻ വിശ്വസിക്കുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെ പുസ്തകത്തിലൂടെ വിചാരണ ചെയ്യുകയാണ് ജോമോൻ പുത്തന്‍പുരയ്ക്കല്‍. ഒരു ന്യായാധിപൻ എങ്ങനെ ആവരുത് എന്നതിന്‍റെ ഉദാഹരണമാണ് സിറിയക് ജോസഫ്.

അഭയയുടെ ഇൻക്വസ്റ്റ് നടത്തിയ എഎസ്ഐ വി.വി.അഗസ്റ്റിനും കെ.ടി.മൈക്കിളും നടത്തിയ നിയമലംഘനങ്ങളെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കേസിലുടനീളം സിബിഐ മൃദുസമീപനം സ്വീകരിച്ചെന്നും നൈറ്റ് വാച്ച് മാൻ ദാസിന്‍റെ മൊഴി രേഖപ്പെടുത്തിയതിൽ സിബിഐ കാണിച്ച അലംഭാവമാണ് രണ്ടാം പ്രതി ഫാദർ ജോസ് പുതൃക്കയിലിനെ രക്ഷപ്പെടുത്തിയതെന്നും ജോമോൻ പറയുന്നു. കേസ് സിനിമയാക്കാൻ ശ്രമിച്ചതിന് പിന്നിൽ നടന്ന തട്ടിപ്പുകളും ജോമോൻ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K