16 June, 2022 04:03:38 PM
ജലീലിന് ബിനാമി; ഈന്തപ്പഴ പെട്ടികള്‍ക്ക് അസാധാരണ തൂക്കം - സ്വപ്നയുടെ സത്യവാങ്മൂലം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. ഈന്തപ്പഴവും ഖുർആനും എത്തിയപെട്ടികളിൽ ചിലതിന് ഭാരക്കൂടുതലുണ്ടായിരുന്നു. മുൻ മന്ത്രി കെ.ടി ജലീലുമായി താൻ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ ലാപ്‌ടോപ്പിലും ഫോണിലുമുണ്ടെന്നും എറണാകുളം സെഷൻസ് കോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.
സ്വപ്നയുടെ സത്യവാങ്മൂലത്തിലെ പ്രധാന ആരോപണങ്ങള്‍
കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചു. മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്‍റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ട്.
ഷാർജ ഭരണാധികരിയുടെയും മുഖ്യമന്ത്രിയുടെയും ഭാര്യമാർ ഒന്നിച്ച് യാത്ര നടത്തി. ചീഫ് സെക്രട്ടറി നളിനി നെറ്റോയും അവർക്കൊപ്പമുണ്ടായിരുന്നു. കൊച്ചിയിൽ കാർഗോ എത്തിയപ്പോൾ ക്ലിയർ ചെയ്യാൻ സഹായിച്ചത് എം.ശിവശങ്കറാണ്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ക്ലിയറൻസ് സൗകര്യപ്പെടുത്തിയത്. ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് കാണാതായി.
ഷാർജ ഭരണാധികാരിയുടെ ഭാര്യക്ക് വലിയ അളവിൽ സ്വർണ്ണവും ഡയമണ്ടും നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ കമല ശ്രമിച്ചു. എന്നാൽ അവർക്കത് ഇഷ്ടമാകാൻ സാധ്യതയില്ല എന്ന് പറഞ്ഞ് താൻ അത് തടഞ്ഞു. ഭക്ഷണ സാധനങ്ങൾ എന്ന പേരിലാണ് കാർഗോ എത്തിയത്. എന്നാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ ലൈസൻസ് ഇല്ലാത്തതിനാൽ അത് വിട്ടുകിട്ടുന്നതിൽ പ്രയാസമുണ്ടായിരുന്നു. അത് തടഞ്ഞ് വെക്കുകയും ചെയ്തു.
പിന്നാലെയാണ് എം.ശിവശങ്കറിന്‍റെ ഇടപെടലുണ്ടായത്. ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് എന്തു ചെയ്തു എന്നതിനെ കുറിച്ച് തനിക്കറിയില്ല. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാനായി വഴിവിട്ട് ഇടപെട്ടു എന്നാണ് പി.ശ്രീരാമകൃഷ്ണനെതിരായ ആരോപണം. ഇതിനായി ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. ഇടപാടുകള്‍ വേഗത്തിലാക്കാന്‍ കോണ്‍സുലേറ്റ് ജനറലിന് ശ്രീരാമകൃഷ്ണന്‍ കൈക്കൂലി കൊടുത്തെന്നും സത്യവാങ്മൂലത്തിലുണ്ട്.
സരിത്തിനെയാണ് പണമടങ്ങിയ ബാഗ് എല്‍പ്പിച്ചത്. കോണ്‍സുലേറ്റ് ജനറലിന് പണം നല്‍കിയശേഷം ബാഗ് സരിത്തെടുത്തു. ഇത് സരിത്തിന്‍റെ വീട്ടില്‍ നിന്ന് കംസ്റ്റസ് പിടിച്ചെടുത്തു. മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നും സ്വപ്നയുടെ ആരോപണം.
2017-ൽ ഷാർജ ഭരണാധികാരി കേരളം സന്ദർശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്‍റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാർജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഷാർജയിൽ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാൽ ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചു.
സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്.