14 June, 2022 02:23:42 PM
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നിർബന്ധം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്‍റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ജനജീവിതം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന്, മൂന്ന് സെന്‍റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്‍സിലറെ ഉത്തമനായ സഖാവ് എന്ന വിശേഷണത്തോടെയായിരുന്നു മുഖ്യമന്ത്രി പരാമർശിച്ചത്.