11 June, 2022 04:36:36 PM
സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണം; അന്വേഷണത്തിന് എൻഐഎയും കസ്റ്റംസും
കൊച്ചി: സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണത്തിൽ അന്വേഷണത്തിന് എൻഐഎയും കസ്റ്റംസും. കേസിൽ ഇരു ഏജൻസികളും പ്രാഥമിക പരിശോധന നടത്തും. കേസിലെ പുതിയ സംഭവവികാസങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ ഇഡി ധരിപ്പിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം ഇന്നും രംഗത്തെത്തി.
സ്വപ്നയുടെ പുതിയ രഹസ്യമൊഴിയുടെ പശ്ചാത്തലത്തിലാണ് മുൻപ് കേസന്വേഷിച്ചിരുന്ന മുഴുവൻ ഏജൻസികളും വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. കേസിലെ പുതിയ സംഭവവികാസങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ ഇഡി ധരിപ്പിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൽ തീരുമാനം ഡൽഹിയിൽ നിന്നുണ്ടാകുമെന്നാണ് വിവരം. ഇതിനിടെ പുതിയ ആരോപണത്തിൽ എൻഐഎയും കസ്റ്റംസും പ്രാഥമിക പരിശോധന നടത്തും. രഹസ്യ മൊഴിയുടെ പകർപ്പിനായി ഏജൻസികൾ അപേക്ഷ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം ഇന്നും രംഗത്തെത്തി. സ്വപ്നയെ സ്വാധീനിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം പൊളിഞ്ഞുപോയത് കൊണ്ട് വിജിലൻസ് ഡയറക്ടറെ ബലിയാടാക്കിയെന്ന് രമേശ് ചെന്നിത്തലയും, എം.ആർ.അജിത്കുമാറിനെ മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു. സ്വർണക്കടത്തിൽ ഒത്തുതീർപ്പില്ലെന്നും മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ഗൂഢാലോചനാ വാദം തള്ളിയും എച്ച്ആർഡിഎസുമായി ബിജെപിക്ക് ബന്ധമില്ലെന്നാവർത്തിച്ചും കെ.സുരേന്ദ്രനും രംഗത്തെത്തി.