09 June, 2022 01:48:03 PM


ജലീല്‍ എസ്ഡിപിഐക്കാരന്‍; മുഖ്യമന്ത്രിക്കെതിരെ പരാതി ഗവര്‍ണര്‍ക്ക് നല്‍കും - പി.സി.ജോര്‍ജ്



കോട്ടയം: തനിക്കെതിരെ പരാതി നല്‍കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പിസി ജോര്‍ജ്. ജലീല്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ജോര്‍ജ് ആരോപിച്ചു.  ഈ കേസില്‍ ഞാൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്ന് ജോർജ് പറഞ്ഞു. ഇങ്ങനെ കേസ് എടുക്കാൻ ആണേൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണം എന്നും പിസി ജോർജ് ചോദിക്കുന്നു. രാഷ്ട്രീയ നേതാക്കൾ  പുറത്തിറക്കുന്ന പ്രസ്താവനക്ക് എതിരെ കേസ് എടുക്കാൻ ആണേൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ല എന്നും ജോർജ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് പ്രതികരണവുമായി ജോര്‍ജ് രംഗത്തെത്തിയത്.  ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകരെ കണ്ടാണ് പിസി ജോർജ് നിലപാട് വ്യക്തമാക്കിയത്. സ്വപ്നമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഗൂഢാലോചനയും നടന്നിട്ടില്ല.  ഒരു സ്ത്രീ ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു. താൻ അത് കോട്ടയത്ത് മാധ്യമ പ്രവർത്തകരെ കണ്ടു വിശദീകരിച്ചു. ഇതിന്‍റെ പേരിൽ എങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്യുക എന്നും പിസി ജോർജ് ചോദിക്കുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ ഗവർണറെ സമീപിച്ച് പരാതി നൽകുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തുകയാണ് ഈ കാര്യത്തിൽ ചെയ്തിട്ടുള്ളത് എന്നും ജോർജ് ആരോപിച്ചു. തന്‍റെ ചിലവിൽ ആണോ യൂത്ത് കോൺഗ്രസും യുവമോർച്ചയും സമരം നടത്തുന്നത്. പിണറായിക്ക് ഉപദേശം കൊടുക്കുന്നവർ അയാളെ കുഴപ്പത്തിൽ ആക്കും. ഈ പി ജയരാജൻ ആണ് ഉപദേശം കൊടുക്കുന്നത് എന്ന് തോന്നുന്നു എന്നും പി സി ജോർജ്ജ് പരിഹസിച്ചു.

ജയിൽ ഡിഐജി അജയ് കുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ ആദ്യം മൊഴി നൽകാതിരുന്നതെന്ന് പിസി ജോർജ് ആരോപിക്കുന്നു. സ്വപ്നയെ ഡിഐജി മാനസികമായി പീഡിപ്പിച്ചു. ജയിലിൽ വച്ച് ചവിട്ടി ക്രൂരമായി ഉപദ്രവിച്ചു എന്നാണ് സ്വപ്ന പറഞ്ഞത്. ഇതാണ് താൻ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും ജോർജ് ചോദിച്ചു. കേസില്‍ ഇഡിയോട് സഹകരിച്ചാൽ ഉപദ്രവിക്കും എന്ന് ഡിഐജി ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേര് പറയരുത് എന്നും ഡിഐജി അജയ് കുമാര്‍ സ്വപ്നയോട് പറഞ്ഞു. സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നു എന്നും പി സി ജോർജ് ആരോപിച്ചു.

അജയകുമാറിനെ വെറുതെ വിടും എന്ന് അയാൾ കരുതേണ്ട. ജയിയിൽ കിടന്നപ്പോൾ ഭീഷണി ഉള്ളത് കൊണ്ടാണ് സ്വപ്‌നക്ക് സത്യം മുഴുവൻ പറയാൻ ആകാഞ്ഞത്. തനിക്കെതിരെ ഒരു നോട്ടീസ് എങ്കിലും നൽകാൻ പോലീസിനെ വെല്ലുവിളിക്കുന്നു എന്നും ജോര്‍ജ് പറഞ്ഞു. സ്വപ്നയുമായി പരിചയം തുടങ്ങിയത്  എങ്ങനെ എന്നും പിസി ജോർജ് പറഞ്ഞു. പലതവണ സ്വപ്നയെ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെ എച്ച്ആര്‍ഡിഎസ് ഓഫീസുമായി ബന്ധപ്പെട്ടാണ് സ്വപ്നയോട് സംസാരിക്കാൻ ആയത്. പിന്നീട് ഇവരുമായി അടുത്തബന്ധം ഉണ്ടായി. എച്ച്ആര്‍ഡിഎസ് തൊടുപുഴ ഓഫിസ് ഉദ്ഘാടനം ചെയ്തത് ഞാൻ ആണ്. സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ജയകൃഷ്ണൻ വീട്ടിൽ വന്നു ക്ഷണിച്ചു എന്നും പിസി ജോർജ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K