09 June, 2022 09:36:28 AM


നടപടികളുമായി സർക്കാർ : വിജിലൻസിനെതിരെ സരിത്ത് ; മുൻകൂർ ജാമ്യം തേടി സ്വപ്ന



കൊച്ചി : സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പോലീസ് - നിയമനടപടികളുമായി സർക്കാർ. അതേ സമയം, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ വിജിലന്‍സ് നീക്കങ്ങളില്‍ പരാതി നല്‍കാന്‍ പി. എസ്. സരിത്ത് നിയമവിദഗ്ദരുടെ അഭിപ്രായം തേടി. എന്നാൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ നിന്ന് പുറകോട്ടില്ലെന്ന നിലപാടിലാണ് സ്വപ്‌ന സുരേഷ്. 

വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. വരുന്ന 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ പക്കലാണ്. ഇത് ഫോറൻസിക്ക് പരിശോധനക്ക് വിധേയമാക്കും. 

പൊലീസ് കേസെടുത്താലും നിയമപരമായി പ്രതിരോധിക്കാനാണ് സ്വപ്‌ന സുരേഷിന്റെ നീക്കം. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കെടി ജലീല്‍ എംഎല്‍എയുടെ ഉള്‍പ്പെടെ പരാതിയില്‍ സ്വപ്‌നക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കൃത്യമായ നിയമോപദേശം തേടി മുന്നോട്ട് പോകാനാണ് സ്വപ്‌ന സുരേഷിന്റെയും നീക്കം. പിന്നാലെ മുൻകൂർ ജാമ്യഹർജിയും നൽകി.

164 സ്‌റ്റേറ്റ്‌മെന്റ് ഭരണകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുമെന്നുറപ്പിക്കുന്ന സ്വപ്‌ന, കോടതി അനുമതി തേടി മതി കൂടുതല്‍ പ്രതികരണം എന്ന നിലപാടിലാണ്. തുടക്കത്തിലെ മെല്ലപ്പോക്ക് മാറി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുളള സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഇടത് ക്യാമ്പില്‍ നിന്ന് ഉയരുമ്പോള്‍ വിഷയത്തില്‍ ഒരു നിലക്കും പുറകോട്ടില്ലെന്നണ് സ്വപ്‌ന സുരേഷിന്റെ നിലപാട്. ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് കമ്പനിയും പൂര്‍ണ്ണമായ പിന്തുണയാണ് സ്വപ്‌ന സുരേഷിന് നല്‍കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K