08 June, 2022 04:05:09 PM


സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റില്‍ നിന്ന് വിജിലന്‍സ് കസ്റ്റഡിയിലെടുത്ത സരിത്തിനെ വിട്ടയച്ചു



പാലക്കാട്: സ്വപ്‌ന സുരേഷിന്റെ ഫ്ലാറ്റില്‍ നിന്നും തന്നെ വിജിലന്‍സ് സംഘം ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് തന്നെ പിടിച്ചുകൊണ്ടുപോയത്. സ്വപ്‌ന ഇന്നലെ നല്‍കിയ മൊഴി ആര് നിര്‍ബന്ധിച്ചിട്ടാണ് കൊടുത്തതെന്നാണ് വിജിലന്‍സ് സംഘം ചോദിച്ചതെന്നും സരിത് മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടില്‍ നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ വന്നു ബെല്ലടിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘം തന്നെ പിടിച്ചു കൊണ്ടുപോകുകയായിരുന്നു. ചെരിപ്പിടാന്‍ പോലും അനുവദിച്ചില്ല. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പൊലീസാണോ ഗുണ്ടകളാണോ തന്നെ പിടിച്ചുകൊണ്ടുപോകുന്നത് എന്ന് പോലും മനസിലായില്ല. വിജിലന്‍സ് ഓഫീസില്‍ എത്തിയപ്പോഴാണ് ആരാണ് പിടിച്ചുകൊണ്ടുപോയതെന്ന് മനസിലായത്. തന്റെ ഫോണ്‍ പിടിച്ചെടുത്തതായും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ കസ്റ്റഡിയിലെടുക്കുന്നു എന്ന് പറഞ്ഞാണ് പിടിച്ചുകൊണ്ടു പോയത്. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ല. സ്വപ്‌ന ഇന്നലെ നല്‍കിയ മൊഴിയെ കുറിച്ചാണ് ചോദിച്ചത്. ആര് നിര്‍ബന്ധിച്ചിട്ടാണ് മൊഴി നല്‍കിയത് എന്ന് മാത്രമാണ് ചോദിച്ചത്. തുടര്‍ന്ന് 16ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അവര്‍ നോട്ടീസ് നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സരിത് പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ഇന്നാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, കസ്റ്റഡിയിലെടുത്തില്ലെന്നും ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാൻ ചെന്നപ്പോൾ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്നും വിജിലൻസ് പറഞ്ഞിരുന്നു. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്‌ന സുരേഷ് മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്‍റെ ഫ്ലാറ്റില്‍നിന്ന് സരിത്തിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നു സ്വപ്‌ന ആരോപിച്ചത്. ഇതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഫ്ലാറ്റിലെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. തുടര്‍ന്നാണ് ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K