07 June, 2022 08:35:05 PM


ഒരു മുഖ്യമന്ത്രി സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഉൾപ്പെടുന്നത് ചരിത്രത്തിൽ ആദ്യം - കെ സുധാകരൻ



തിരുവനന്തപുരം/കൊച്ചി : ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഉൾപ്പെടുന്നെതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. സ്വപ്നയുടെ വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നെതെന്നും പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്ന് പി ബി തീരുമാനിക്കട്ടെയെന്നും സുധാകരൻ.

മുഖ്യമന്ത്രിയും കുടുംബവും ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതു രംഗത്ത് നിന്നും മാറി നിൽക്കാനുള്ള ധാർമിക മര്യാദ മുഖ്യമന്ത്രി കാണിക്കണം. പിണറായി നാടിന് അപമാനം. ബി ജെ പി നേതാക്കളുമായി ധാരണയിൽ എത്തി. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ  സ്വർണം കടത്തി എന്നത് തീരാകളങ്കെമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപെട്ടു.

ഇ ഡി യുടെ അന്വേഷണം സുതാര്യമായിരുന്നില്ല. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയൻ യോഗ്യൻ അല്ല. ശിവശങ്കരനെ സർവ്വീസിൽ തിരിച്ച് എടുത്തത് കള്ളം മൂടി വെക്കാനെന്നും സ്വപ്നക്ക് സുരക്ഷ നൽകേണ്ടത് കോടതിയുടെ കടമയെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, സ്വർണക്കടത്തിലും ഡോളർ കടത്തിലും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് കേസിലെ പ്രതി സെക്ഷൻ  164 പ്രകാരം മൊഴി കൊടുത്ത സാഹചര്യത്തിൽ അന്വേഷണം തീരും വരെ മാറി നില്ക്കാൻ മുഖ്യമന്ത്രി തയാറാകുമോയെന്ന് ബെന്നി ബഹനാൻ എം.പി. ചോദിച്ചു.

കൈകൾ ശുദ്ധമെന്ന് പറയുന്ന മുഖ്യമന്ത്രി അന്വേഷണം തീരും വരെ മാറി നിൽക്കാനുള്ള ധാർമിക ബോധം കാണിക്കുമോയെന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യ മൊഴി വെറും ആരോപണമായി തള്ളിക്കളയാൻ കഴിയില്ല. തികഞ്ഞ  ഉത്തരവാദിത്വത്തോടെ സംശയത്തിനിടയില്ലാത്ത വിധം സ്വപ്ന സുരേഷ് മജിസ്‌ട്രേറ്റിന് നൽകിയ മൊഴി കേന്ദ്ര ഏജൻസികൾ ഗൗരവമായി എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

സ്വർണക്കടത്ത് കേസിൽ ഇത് വരെ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വീകരിച്ചത്. 
ബി ജെ പിയും സി പി എമ്മും തമ്മിലുള്ള ധാരണയുടെ അടിസ്‌ഥാനത്തിലാണ്‌ ഇതുവരെ കേസന്വേഷണം നടന്നത്. ബി ജെ പിയും സി  പി എമ്മും തമ്മിലുള്ള ഒത്തുകളിയിലൂടെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് നിരവധി തവണ വാർത്താസമ്മേളനം നടത്തി താനടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് സ്വപ്ന സുരേഷ് 164 പ്രകാരം നൽകിയ മൊഴി. 

ബിരിയാണി പാത്രങ്ങളിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽലേക്ക്  സ്വർണം കടത്തിയെന്നുമുള്ള സ്വപ്നയുടെ മൊഴിയിലൂടെ  പിണറായി വിജയന്റെ നേരിട്ടുള്ള ബന്ധം പുറത്ത് വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടത്തുമോ, അതോ പിണറായി വിജയനെ അന്വേഷണ ഏജൻസികൾ രക്ഷപ്പെടുത്തുമോ എന്നാണ് അറിയേണ്ടതെന്നും ബെന്നി ബഹനാൻ  പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K