05 June, 2022 12:30:04 PM
നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിൽ യുവാവ് മരിച്ച സംഭവം: കരാറുകാർക്കെതിരെ കേസ്
കൊച്ചി: തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പാലം പണിയുടെ കരാറുകാർക്കെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് എതിരെ ഈ വകുപ്പ് ചുമത്തണമോ എന്നത് കളക്ടർ പരിശോധിച്ച ശേഷം തീരുമാനിക്കും.
സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാലം പണി നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ അപകട സൂചനകൾ നൽകേണ്ടിയിരുന്നു. ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ച പരിശോധിക്കും. പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിനെയും മന്ത്രി വിമർശിച്ചു.
ഇന്നലെ പുലർച്ചെയാണ് തൃപ്പുണ്ണിത്തുറയിൽ നിർമ്മാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്‍റെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്‍റെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡിൽ അപകട സൂചനാ ബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത്.